ബംഗളൂരു: ആഗോള ഐടി മേഖലയില്‍ നിർമ്മിത ബുദ്ധി മൂലം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനിടയില്‍, കോർപ്പറേറ്റ് ലോകത്തെ പരിഹസിച്ചുകൊണ്ട് ബംഗളൂരു സ്വദേശിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ നിർമ്മിച്ച ‘ഐ ഗോട്ട് ഫയർഡ്’ (എന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു) ബട്ടണ്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ‘the2ndfloorguy’ എന്ന എക്സ് ഹാൻഡിലിലൂടെ പങ്കജ്‍ തൻവർ എന്ന എഞ്ചിനീയറാണ് ഈ വിചിത്രമായ ഉപകരണം പരിചയപ്പെടുത്തിയത്. തന്റെ ലാപ്‌ടോപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന മള്‍ട്ടി-ബട്ടണ്‍ മാക്രോ പാഡിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.ഇതിലെ വലിയ ചുവന്ന ബട്ടണായ ‘ഐ ഗോട്ട് ഫയർഡ്’ അമർത്തിയാല്‍ കമ്പനി സിസ്റ്റത്തിനുള്ളില്‍ വലിയ തകിടംമറിച്ചിലുകള്‍ ഉണ്ടാകുന്ന രീതിയിലാണ് ഇതിന്റെ സാങ്കല്‍പ്പിക പ്രവർത്തനം. ഒറ്റ ക്ലിക്കിലൂടെ കമ്പനിയുടെ രഹസ്യ കോഡുകള്‍ പരസ്യമാക്കുക, എപിഐ കീകളും പാസ്‌വേഡുകളും അടങ്ങിയ ഫയലുകള്‍ ഗിറ്റ്ഹബില്‍ അപ്‌ലോഡ് ചെയ്യുക, ഡാറ്റാബേസുകള്‍ തുടച്ചുനീക്കുക, കൂടാതെ “ഓഫീസില്‍ നിന്ന് സ്ഥിരമായി പുറത്തായി, എന്റെ വക്കീലുമായി ബന്ധപ്പെടുക” എന്ന ഓട്ടോമാറ്റിക് സന്ദേശം ആക്ടിവേറ്റ് ചെയ്യുക എന്നിവയാണ് ഈ ബട്ടണ്‍ ചെയ്യുകയെന്ന് പങ്കജ് തമാശയായി കുറിച്ചു. കോർപ്പറേറ്റ് ഭാഷകളെ പരിഹസിക്കുന്ന ‘ഗ്യാസ്‌ലൈറ്റ് ദെം’, ‘ഡീകോഡ് കോർപ്പറേറ്റ് ബിഎസ്’ എന്നീ ബട്ടണുകളും ഇതിലുണ്ട്. ഐടി മേഖലയിലെ അനിശ്ചിതത്വത്തെക്കുറിച്ചുള്ള ഒരു ആക്ഷേപഹാസ്യം മാത്രമാണിതെന്നും യഥാർത്ഥത്തില്‍ ഇത് നടപ്പാക്കുന്നത് വലിയ സൈബർ കുറ്റകൃത്യമാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.