ബെംഗളൂരു : കർണാടകത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രതീക്ഷ വീണ്ടും പരസ്യമാക്കി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. താൻ മുഖ്യമന്ത്രിയാകുമോയെന്ന കാര്യത്തിൽ അതിന്റെ മുഹൂർത്തമാകുമ്പോൾ അറിയാമെന്ന് വ്യാഴാഴ്ച അദ്ദേഹം ചാമരാജനഗറിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.‘സമയം, മുഹൂർത്തം അതിന് ഉത്തരം തരും’-മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി ശിവകുമാർ പറഞ്ഞു. കർണാടകത്തിലെ അധികാരമാറ്റത്തെപ്പറ്റിയും മന്ത്രിസഭാ വികസനത്തെപ്പറ്റിയും കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ ആലോചന നടത്തിയേക്കുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് ശിവകുമാർ ഇങ്ങനെ പറഞ്ഞത്. സർക്കാരിന്റെ കാലാവധി ബുധനാഴ്ച മൂന്നു വർഷം പിന്നിട്ടു. ഇതോടെ അധികാരമാറ്റമുണ്ടായേക്കുമെന്നാണ് പാർട്ടിയിൽ ഒരുവിഭാഗം നേതാക്കളും പ്രവർത്തകരും പ്രതീക്ഷിക്കുന്നത്.
അടുത്തിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സിദ്ധരാമയ്യയുമായും ശിവകുമാറുമായും ചർച്ച നടത്തിയിരുന്നു. അധികാരമാറ്റം സംബന്ധിച്ച കാര്യങ്ങൾ ഇതിൽ ചർച്ചയായോയെന്ന കാര്യം വ്യക്തമല്ല. വിഷയം ചർച്ച ചെയ്യാൻ പാർട്ടി ഹൈക്കമാൻഡ് ഇരുനേതാക്കളെയും വരും ദിവസങ്ങളിൽ ഡൽഹിക്ക് വിളിപ്പിക്കുമെന്നാണ് കരുതുന്നത്. പാർട്ടി നേതൃത്വം വിളിച്ചാൽ ഡൽഹിക്ക് പോകുമെന്നും നേതൃത്വം നിർദ്ദേശിക്കുന്നതെന്തായാലും അംഗീകരിക്കുമെന്നും സിദ്ധരാമയ്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നേതൃമാറ്റ വിഷയത്തിൽ ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടാക്കുമെന്നും ചില നേതാക്കൾ പറയുന്നു. സർക്കാർ രണ്ടര വർഷം പിന്നിടുമ്പോൾ അധികാരമാറ്റമുണ്ടാകുമെന്ന് ശിവകുമാർ പക്ഷം പ്രതീക്ഷിരുന്നെങ്കിലും ഉണ്ടായില്ല. ഇതിലുള്ള അതൃപ്തി ശിവകുമാർ പലതവണ പ്രകടിപ്പിച്ചിരുന്നു.