ബെംഗളൂരു : കർണാടക പ്രദേശ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ തമ്മില്‍ തല്ല്. കെപിവൈസിസിയിലെ 15 ഭാരവാഹികളെ ഹൈക്കമാൻഡ് നീക്കം ചെയ്തതിനെത്തുടർന്നാണ് ബെംഗളൂരുവിലെ കെപിസിസി ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് ഗ്രൂപ്പുകളായി തമ്മില്‍ അടിച്ചത്.കർണാടക കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര വിഭാഗീയതയും ശക്തമാകുകയാണ് . നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്തുന്നത് തീരുമാനിക്കാൻ ചേർന്ന യോഗമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ദീപിക റെഡ്ഡി ഉള്‍പ്പെടെ നിരവധി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഹൈക്കമാൻഡ് അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ ഏറ്റുമുട്ടല്‍.
ദീപിക റെഡ്ഡിക്കൊപ്പം, എട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരെയും നിരവധി സംസ്ഥാന സെക്രട്ടറിമാരെയും നിഷ്ക്രിയത്വം, കൃത്യവിലോപം, സംഘടനാ പരിപാടികളില്‍ പങ്കെടുക്കാത്തത് എന്നീ കുറ്റങ്ങള്‍ക്ക് ഉടനടി പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവാക്കി.സസ്‌പെൻഷൻ ഉത്തരവുകള്‍ പുറപ്പെടുവിച്ചതുമുതല്‍ ദീപിക റെഡ്ഡിയുടെ അനുയായികള്‍ക്കിടയില്‍ നീരസം പുകയുന്നുണ്ടായിരുന്നു . യോഗം ആരംഭിച്ചപ്പോള്‍, കർണാടക യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മഞ്ജുനാഥ് ഗൗഡയുടെയും ദീപിക റെഡ്ഡിയുടെയും അനുയായികള്‍ തമ്മില്‍ അച്ചടക്ക നടപടിയെച്ചൊല്ലി രൂക്ഷമായ വാക്കുതർക്കം ഉണ്ടായതായി റിപ്പോർട്ടുണ്ട്.
ദീപിക റെഡ്ഡിയുടെ അനുയായികള്‍ നേതൃത്വത്തിന്റെ തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്യുകയും തങ്ങളുടെ നേതാവിനെ പുറത്താക്കിയതിനെ അപലപിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മുദ്രാവാക്യം വിളിക്കുന്നതിനെ എതിർത്ത മറ്റൊരു വിഭാഗം ഔദ്യോഗിക പരിപാടി തടസ്സപ്പെടുത്തരുതെന്ന് അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിനെത്തുടർന്ന് തർക്കം ശക്തമായി. മിനിറ്റുകള്‍ക്കുള്ളില്‍, ഇരു ക്യാമ്പുകളിലെയും കോണ്‍ഗ്രസ് പാർട്ടി അംഗങ്ങള്‍ തമ്മിലുള്ള വാക്കുതർക്കം ഉന്തും തള്ളും കയ്യാങ്കളിയുമായി മാറി.കെപിസിസി പരിസരത്ത് ഇരു വിഭാഗങ്ങളിലെയും പ്രവർത്തകർ തമ്മില്‍ സംഘർഷം ഉടലെടുത്തതോടെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി.വേദിയിലുണ്ടായിരുന്ന മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും ഭാരവാഹികളും ഇടപെട്ടാണ് ഒടുവില്‍ സംഘർഷം അവസാനിപ്പിച്ചത്.