ചെന്നൈ: ടിവികെ പ്രവർത്തകർക്ക് പുതിയ നിർദേശവുമായി മുഖ്യമന്ത്രി വിജയ്. പാതയോര ബോർഡുകളും ബാനറുകളും സ്ഥാപിക്കരുതെന്നും ആള്‍ക്കൂട്ടം എത്തുന്നയിടങ്ങളില്‍ പ്രചാരണബോർഡുകള്‍ പാടില്ലെന്നാണ് വിജയ്യുടെ നിർദേശം.ഗതാഗതം തടസപ്പെടുത്തി ഒന്നും ചെയ്യരുത്. പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ ജന്മദിനത്തിനും മറ്റും ആഘോഷങ്ങള്‍ സംഘടിപ്പിക്കരുത്. നിർദേശം ലംഘിച്ചാല്‍ കർശന നടപടി എന്നും മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി.അതിനിടെ, അധികാരത്തിലേക്കുള്ള പാതയില്‍ ഒപ്പംനിന്ന സ്ത്രീകളുടെ കൈയടി നേടുന്ന പ്രഖ്യാപനവും നടത്തിയിരിക്കുകയാണ് മുഖ്യമന്ത്രി വിജയ്. സർക്കാർ മദ്യ വിതരണ സ്ഥാപനമായ ടാസ്മാക്കിന്റെ 4765 ഔട്ട്ലറ്റുകളില്‍ 717 എണ്ണം രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാൻ വിജയ് ഉത്തരവിട്ടു.ധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്റുകള് എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകള്‍ക്കാകും താഴു വീഴുക. ഇവയുടെ 50 മീറ്റർ ദൂരപരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്നാണ് നിലവിലെ നഗരസഭ ചട്ടം.