Home കർണാടക ബെംഗളൂരു രണ്ടാം എയര്‍പോര്‍ട്ട്; തമിഴ്നാടിന് അവസരം കൊടുക്കില്ല..വേഗം കൂട്ടി കര്‍ണാടക

ബെംഗളൂരു രണ്ടാം എയര്‍പോര്‍ട്ട്; തമിഴ്നാടിന് അവസരം കൊടുക്കില്ല..വേഗം കൂട്ടി കര്‍ണാടക

ബെംഗളൂരിലെ രണ്ടാമത്തെ വിമാനത്താവളം എവിടെ വരുമെന്ന ചർച്ചകള്‍ വീണ്ടും സജീവം. നഗരത്തിലെ വർധിച്ചുവരുന്ന യാത്രക്കാരും ഭാവിയിലെ വ്യോമഗതാഗത ആവശ്യങ്ങളും പരിഗണിച്ച്‌ പുതിയ വിമാനത്താവളത്തിനായുള്ള സാധ്യതകള്‍ സർക്കാർ ഗൗരവമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.ഇപ്പോഴത്തെ സൂചനകള്‍ പ്രകാരം ദക്ഷിണ ബെംഗളൂരുവിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ നേരത്തെയും പലതവണ ദക്ഷിണ ബെംഗളൂരുവില്‍ വിമാനത്താവളം വേണമെന്ന നിലപാട് വ്യക്തമാക്കിയിരുന്നു. പ്രത്യേകിച്ച്‌ കനകപുര റോഡ് പരിസരങ്ങളാണ് സർക്കാരിന്റെ പ്രധാന പരിഗണനയില്‍ ഉള്ളത്.

നല്ല റോഡ് സൗകര്യവും ഭാവിയില്‍ വികസന സാധ്യതയുള്ള പ്രദേശമെന്ന നിലയിലുമാണ് ഈ മേഖല ശ്രദ്ധ നേടുന്നത്.പുതിയ വിമാനത്താവളത്തിനായി കനകപുര റോഡിനോട് ചേർന്ന രണ്ട് പ്രധാന സ്ഥലങ്ങള്‍ സർക്കാർ പരിശോധിക്കുന്നുണ്ട്. ഇവയെ ഒന്നിച്ച്‌ വികസിപ്പിക്കാനാകുമോ എന്നതും സാധ്യതാ പഠനത്തിന്റെ ഭാഗമാണ്. പദ്ധതിയുടെ സാങ്കേതിക പഠനങ്ങള്‍ക്കായി സംസ്ഥാന സർക്കാർ സിംഗപ്പൂർ ആസ്ഥാനമായ മെയിൻഹാർഡ് ഇപിസിഎം ( Meinhardt EPCM) എന്ന കമ്പനിക്കാണ് കരാർ നല്‍കിയിരിക്കുന്നത്. ഏകദേശം 4.96 കോടി രൂപയുടെ കരാറിലാണ് പഠനം നടക്കുന്നത്. ഭൂമിയുടെ സാങ്കേതിക യോഗ്യത, റോഡ്-റെയില്‍ കണക്റ്റിവിറ്റി, വിമാന സർവീസുകള്‍ക്കുള്ള അനുയോജ്യത തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും പഠനത്തില്‍ പങ്കാളികളാണ്.ഇപ്പോള്‍ പരിഗണനയിലുള്ള പ്രധാന സ്ഥലങ്ങളില്‍ ചുടുഹള്ളി, സോമനഹള്ളി എന്നിവ കൂടി ഉള്‍പ്പെടുന്നുണ്ട്. ഇവ രണ്ടും കനകപുര റോഡ് മേഖലയിലാണ്. ഇതിന് പുറമെ തുംകുരു റോഡിന് സമീപമുള്ള കുനികളിനും നെലമംഗലയ്ക്കും ഇടയിലുള്ള ചില ഗ്രാമപ്രദേശങ്ങളും പട്ടികയിലുണ്ട്. എന്നാല്‍ സർക്കാർ വൃത്തങ്ങള്‍ പറയുന്നത്, ഭൂമി ലഭ്യതയും ഭാവി വികസന സാധ്യതയും കണക്കിലെടുത്താല്‍ കനകപുര ഭാഗത്തിനാണ് കൂടുതല്‍ മുൻതൂക്കം ലഭിക്കുന്നതെന്നാണ്.

കനകപുര ഭാഗത്ത് ആവശ്യത്തിന് വലിയ ഭൂവിഭാഗങ്ങള്‍ ലഭ്യമാകാൻ സാധ്യതയുണ്ടെന്നാണ് കർണാടക ഇൻർസ്ട്രിയല്‍ ഏരിയാസ് ഡെവലപ്മെൻ്റ് ബോർഡ് ഉദ്യോഗസ്ഥൻ പറയുന്നത്.. വിമാനത്താവളത്തിന് സാധാരണയായി 4,500 മുതല്‍ 5,000 ഏക്കർ വരെ ഭൂമി ആവശ്യമായി വരും. ‘കനകപുര ഭാഗത്ത് വിവിധ ഓപ്ഷനുകള്‍ സർക്കാർ പരിശോധിക്കാനാകും. ഒരൊറ്റ ഭാഗമല്ല, അടുത്തടുത്തുള്ള സ്ഥലങ്ങള്‍ കൂട്ടിച്ചേർത്ത് വലിയ പദ്ധതി രൂപീകരിക്കാനും ഇവിടെ കൂടുതല്‍ സാധ്യതയുണ്ട്’, അദ്ദേഹം പറഞ്ഞു. എന്നാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം.ദക്ഷിണ ബെംഗളൂരുവില്‍ വിമാനത്താവളം വന്നാല്‍ നഗരത്തിലെ വലിയൊരു വിഭാഗം ആളുകള്‍ക്ക് അത് കൂടുതല്‍ സൗകര്യപ്രദമാകുമെന്ന വിലയിരുത്തലും ശക്തമാണ്. നിലവില്‍ കെംപേഗൌഡ ഇൻ്റർനാഷ്ണല്‍ എയർപോർട്ട് നഗരത്തിന്റെ വടക്കുഭാഗത്തായതിനാല്‍, ദക്ഷിണ ബെംഗളൂരുവില്‍ നിന്ന് അവിടേക്ക് എത്താൻ മണിക്കൂറുകളെടുക്കുന്ന സാഹചര്യമുണ്ട്.

പുതിയ വിമാനത്താവളം വന്നാല്‍ ആ യാത്രാസമയം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.’ദക്ഷിണ ബെംഗളൂരുവില്‍ വിമാനത്താവളം വന്നാല്‍ കൂടുതല്‍ ആളുകള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കും. നഗരത്തിന്റെ വളർച്ചയും ഇപ്പോഴത്തെ ജനസാന്ദ്രതയും കണക്കിലെടുക്കുമ്പോള്‍ ആ ഭാഗത്ത് വലിയ ആവശ്യകതയുണ്ട്’, ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, പരിസ്ഥിതി വിഷയങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ട്. നെലമംഗല ഭാഗത്ത് കൂടുതല്‍ മരങ്ങളും സസ്യസമ്പത്തും ഉള്ളതിനാല്‍ അവിടെ നിർമാണം നടത്തുന്നത് കൂടുതല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. അതിനാല്‍ അന്തിമ തീരുമാനം എടുക്കുമ്പോള്‍ പരിസ്ഥിതി ആഘാതവും പ്രധാന ഘടകമാകും.ഐടി മേഖലയുടെ അതിവേഗ വളർച്ചയും നഗരത്തിലെ വർധിച്ചുവരുന്ന ജനസംഖ്യയും കാരണം ബെംഗളൂരുവില്‍ രണ്ടാമത്തെ വിമാനത്താവളത്തിന്റെ ആവശ്യകത വർഷങ്ങളായി ഉയരുന്ന വിഷയമാണ്. ഇപ്പോള്‍ സർക്കാർ തലത്തില്‍ കാര്യങ്ങള്‍ വേഗത്തില്‍ മുന്നോട്ട് പോകുന്നതിനാല്‍ അടുത്ത കുറച്ച്‌ മാസങ്ങള്‍ക്കുള്ളില്‍ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.

‘തമിഴ്നാടിനെ അനുവദിക്കില്ല’തമിഴ്‌നാട് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണ് കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരില്‍ വരാനിരിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളം. കഴിഞ്ഞ വർഷം നവംബറില്‍ തമിഴ്നാട് ഇൻഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ടിഡ്‌കോ) സൈറ്റ് ക്ലിയറൻസ് നിർദ്ദേശം അയച്ചിരുന്നു.എന്നാല്‍ എയർപോർട്സ് അതോറിറ്റി ആവശ്യം തള്ളി.തമിഴ്നാട് നീക്കം വിജയിച്ചിരുന്നുവെങ്കില്‍ അത് കർണാടകയെ സംബന്ധിച്ച്‌ വലിയ തിരിച്ചടിയായേനെ. ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 40-45 കിലോമീറ്റർ മാത്രം അകലെയാണ് ഹൊസൂർ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്ന െപുതിയ എയർപോർട്ട് ഹൊസൂരില്‍ വന്നാല്‍ സാമ്പത്തികമായി അത് ബെംഗളൂരുവിന് വലിയ നഷ്ടം സമ്മാനിക്കും. ഈ സാഹചര്യത്തിലാണ് തങ്ങളുടെ പദ്ധതിയുമായി അതിവേഗം കർണാടക സർക്കാർ നീങ്ങുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group