ബെംഗളൂരു: ഒറ്റയ്ക്കുള്ള താമസം ജോലിയിലെ മികവ് വര്‍ദ്ധിപ്പിക്കുമെന്ന് ഗൂഗിള്‍ ജീവനക്കാരന്. പ്രിയാന്‍ഷ് അഗര്‍വാള്‍ എന്ന യുവാവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത്.കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ ഏകാന്ത ജീവിതമാണ് നയിക്കുന്നതെന്നും ഇത് തന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ വലിയ ഗുണങ്ങള്‍ നല്‍കിയെന്നുമാണ് പ്രിയാന്‍ഷ് എക്സില്‍ കുറിച്ചത്. മറ്റൊരാളുടെ ശീലങ്ങളുമായി പൊരുത്തപ്പെടേണ്ടി വരുന്നില്ല എന്നതും ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ടതില്ല എന്നതും ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.തന്റെ ഏകാന്ത ജീവിതത്തിലെ സാമ്പത്തിക അച്ചടക്കത്തെക്കുറിച്ചും അദ്ദേഹം പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ വാടക ഇനത്തില്‍ കൂടുതല്‍ തുക ചെലവാകുന്നുണ്ടെങ്കിലും പുറത്തുപോകുന്നതും മറ്റ് സാമൂഹിക പരിപാടികളും കുറയുന്നത് വഴി ഈ അധിക ചിലവ് പരിഹരിക്കാന്‍ കഴിയുന്നുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ വാദം.
മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്ന് ചിന്തിച്ച് സമയം കളയേണ്ടി വരുന്നില്ലെന്നതും പൂര്‍ണ്ണമായ അച്ചടക്കം പാലിക്കാന്‍ കഴിയുന്നുവെന്നതും ഇതിന്റെ നേട്ടങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.പ്രിയാന്‍ഷിന്റെ പോസ്റ്റ് പുറത്തുവന്നതോടെ പിന്തുണച്ചും വിയോജിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഒറ്റയ്ക്കുള്ള താമസം വ്യക്തിത്വ വികസനത്തിന് സഹായിക്കുമെന്നും ടീം പ്രോജക്റ്റുകളില്‍ മറ്റുള്ളവരുടെ അലസത മൂലം ബുദ്ധിമുട്ടുന്നതിനേക്കാള്‍ നല്ലത് ഇത്തരം ഏകാന്തതയാണെന്നും ഒരു വിഭാഗം വാദിക്കുന്നു. ഏകാന്തത നല്കുന്ന സ്വതന്ത്ര്യവും സമാധാനവുമാണ് ഇവര്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. അതേസമയം, ഏകാന്ത ജീവിതത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് പലരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അസുഖം ബാധിക്കുമ്പോള്‍ സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥയും, ദീര്‍ഘകാലത്തെ ഒറ്റയ്ക്കുള്ള താമസം ഭാവിയില്‍ സുഹൃത്തുക്കളോടോ പങ്കാളിയോടോ ഒത്തുപോകാന്‍ പ്രയാസമുണ്ടാക്കുമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.