‘ഗേഡേറ്റിംഗ് ആപ്പ്’ വഴി 27 കാരനായ സിവില്‍ എഞ്ചിനീയറെ വശീകരിച്ച് കത്തികൊണ്ട് കുത്തി കവർച്ച നടത്തിയ നാലംഗ സംഘം അറസ്റ്റില്‍.ദർശൻ, രാജേഷ് (19), പ്രായപൂർത്തിയാകാത്ത മറ്റുരണ്ടുപേർ എന്നിവരെയാണ് ബെംഗളൂരു പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. നാലുപേരും സ്കൂള്‍ പഠനം ഉപേക്ഷിച്ചവരും നിലവില്‍ തൊഴിലില്ലാത്തവരുമാണെന്ന് പോലീസ് പറഞ്ഞു.പരാതിയുടെ അടിസ്ഥാനത്തില്‍, യെലഹങ്ക പോലീസ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 311 (കവർച്ച അല്ലെങ്കില്‍ കവർച്ചയ്ക്കൊപ്പം മരണമോ ഗുരുതരമായ പരിക്കോ ഉണ്ടാക്കാനുള്ള ശ്രമം) പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതല്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.ചിക്കജാല നിവാസിയായ സിവില്‍ എഞ്ചിനീയർ, കഴിഞ്ഞ മൂന്ന് വർഷമായി ഗ്രിൻഡർ എന്ന ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഡേറ്റിംഗ് ആപ്പില്‍ ബന്ധപ്പെട്ടിരുന്ന ഒരാള്‍ ഇരയെ ഫോണില്‍ വിളിച്ച് ബാഗലൂർ റോഡിനടുത്തുള്ള പലനഹള്ളി ഗേറ്റില്‍ ഒരു മീറ്റിംഗിനായി വരാൻ ആവശ്യപ്പെട്ടു. അദ്ദേഹം ഒരു ബസിലാണ് സ്ഥലത്തേക്ക് പോയത്.
ഇവിടെയെത്തിയ പ്രതികള്‍ യുവാവിനെ അസഭ്യം പറയുകയും, ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്ന കാര്യം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.അക്രമികളില്‍ ഒരാള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും യുപിഐ പാസ്വേഡും നല്കാൻ ആവശ്യപ്പെട്ടു. ചെറുത്തുനിന്നപ്പോള്‍, പ്രതികളിലൊരാള്‍ അയാളുടെ തലയിലും കൈയിലും വയറിലും പലതവണ കുത്തുകയായിരുന്നു. പിന്നാലെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് യുപിഐ വഴി 16,000 രൂപ ട്രാൻസ്ഫർ ചെയ്ത് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. പരിക്കേറ്റയാള്‍ പിന്നീട് ഒരു സുഹൃത്തിനെ ബന്ധപ്പെടുകയും ബെല്ലാരി റോഡിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയുമായിരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.