Home കർണാടക ബെംഗളൂരു ഇന്റര്‍മീഡിയറ്റ് റോഡിന് പുതുജീവൻ; 2007ലെ യഥാര്‍ത്ഥ അലൈൻമെന്റ് അനുസരിച്ച്‌ മുന്നോട്ട്

ബെംഗളൂരു ഇന്റര്‍മീഡിയറ്റ് റോഡിന് പുതുജീവൻ; 2007ലെ യഥാര്‍ത്ഥ അലൈൻമെന്റ് അനുസരിച്ച്‌ മുന്നോട്ട്

ബെംഗളൂരു: നഗരത്തിന്റെ വികസനത്തിന് നിർണായകമായേക്കാവുന്ന, ഏറെക്കാലമായി മുടങ്ങിക്കിടന്ന ഇന്റർമീഡിയറ്റ് റിംഗ് റോഡ് (ഐആർആർ) പദ്ധതിക്ക് സംസ്ഥാന സർക്കാർ വീണ്ടും പുതുജീവൻ നല്‍കി.നഗരവികസന വകുപ്പ് (യുഡിഡി) റോഡിന്റെ അലൈൻമെന്റ് അന്തിമമാക്കിയത് 2007-ലെ യഥാർത്ഥ പദ്ധതിയെ അടിസ്ഥാനമാക്കിയാണ്; നെലമംഗല, അനേക്കല്‍-ഹോസ്കോട്ടെ ഭാഗങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.പുനഃപരിശോധിച്ച ഈ പാതയോരത്ത് പുതിയ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കോ കെട്ടിട പ്ലാനുകള്‍ക്കോ അനുമതി ലഭിക്കില്ല. പുതിയ അലൈൻമെന്റ്, 2006 ഒക്ടോബറില്‍ ബാംഗ്ലൂർ മെട്രോപൊളിറ്റൻ റീജിയണ്‍ ഡെവലപ്‌മെന്റ് അതോറിറ്റി (ബിഎംആർഡിഎ) അംഗീകരിച്ച ഐആർആർ നിർദേശത്തെയും, 2007 ജനുവരിയിലെ പ്രാഥമിക വിജ്ഞാപനത്തെയും പിന്തുടരുന്നു.തട്ടേക്കരെ, ഹാരോഹള്ളി, ബിദാഡി, താവരേക്കരെ, നെലമംഗല, ദേവനഹള്ളി, ഹോസ്കോട്ടെ, ദൊമ്മാസാന്ദ്ര, അനേക്കല്‍ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന 210 കിലോമീറ്റർ ചുറ്റോരം പാതയാണിത്. യഥാർത്ഥ പാതയുടെ ഭൂരിഭാഗവും നിലനിർത്തിയിട്ടുണ്ട്.

എന്നാല്‍, അനേക്കല്‍-ഹോസ്കോട്ടെ ഭാഗം ഐആർആറില്‍ നിന്ന് ഒഴിവാക്കി സാറ്റലൈറ്റ് ടൗണ്‍ റിംഗ് റോഡുമായി (എസ്‌ടിആർആർ) സംയോജിപ്പിച്ചു. വികസനം നടന്ന നെലമംഗല മേഖലയിലും നേരിയ മാറ്റങ്ങളുണ്ട്.നിയമപരവും ഭരണപരവുമായ തടസങ്ങള്‍ക്കൊടുവിലാണ് പദ്ധതി പുനരുജ്ജീവിപ്പിച്ചത്. നേരത്തെ 2022 ഓഗസ്‌റ്റില്‍ കർണാടക ഹൈക്കോടതി പദ്ധതി റദ്ദാക്കാൻ സർക്കാരിന് അനുമതി നല്‍കിയിരുന്നു. തുടർന്ന് 2023 ജനുവരിയില്‍, പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി), കർണാടക റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെആർഡിസിഎല്‍), ജില്ലാ റോഡുകള്‍, ദേശീയപാതകള്‍ എന്നിവയെ ഐആർആറായി കണ്ട് 2007-ലെ പദ്ധതി സർക്കാർ ഉപേക്ഷിച്ചു.2023 മാർച്ചില്‍ പുതിയ വിജ്ഞാപനം പുറത്തിറങ്ങുകയും ചെയ്‌തിരുന്നു. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണ് പദ്ധതി പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചത്. മേഖലയിലെ അതിവേഗ വികസനത്തിന് മതിയായ റോഡ് ശൃംഖലയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലുള്ള റോഡുകളുടെ വീതി 9 മീറ്റർ മുതല്‍ 30 മീറ്റർ വരെയാണെന്നും, യഥാർത്ഥ ഐആർആർ രൂപരേഖ 90 മീറ്റർ ഏകീകൃത വീതിയുള്ള കോറിഡോറാണ് വിഭാവനം ചെയ്‌തിരുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ഇതിനെത്തുടർന്ന്, 2006-ലെ പ്രാഥമിക വിജ്ഞാപനത്തിൻ്റെ അടിസ്ഥാനത്തില്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. 20 കിലോമീറ്റർ വീതമുള്ള ഘട്ടങ്ങളിലായി മുഴുവൻ റോഡും നിർമ്മിക്കാനാണ് ലക്ഷ്യം. ഞങ്ങള്‍ ഇപ്പോള്‍ സാധ്യതാ പഠനം തയ്യാറാക്കുകയാണ് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.ഐആർആറിന്റെ പ്രത്യേകതകള്‍ഈ പാത വാഹനങ്ങള്‍ക്കപ്പുറം സമ്പദ്‌വ്യവസ്ഥയ്ക്ക് കുതിപ്പേകും. നെലമംഗല, ദേവനഹള്ളി, ആനേക്കല്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളെ ഇത് ഒറ്റ സാമ്പത്തിക മേഖലയാക്കും. ബിദാദിയില്‍ നിന്ന് ഹൊസ്കോട്ടിലെ ടെക് ഇടനാഴികളിലേക്ക് നഗരത്തിരക്കില്ലാതെ എളുപ്പത്തില്‍ യാത്ര സാധ്യമാകും. ഈ ബന്ധം തിരക്കേറിയ നഗരകേന്ദ്രങ്ങളില്‍ നിന്ന് വ്യവസായങ്ങളെ ആകർഷിക്കും. എളുപ്പത്തില്‍ എത്തിച്ചേരുന്ന ഈ പന്ത്രണ്ട് നഗരങ്ങള്‍, ഓഫീസ്, സ്‌കൂള്‍, ആശുപത്രി സൗകര്യങ്ങളോടെ സമ്പൂർണ മിനി നഗരങ്ങളായി വളരും.

You may also like

error: Content is protected !!
Join Our WhatsApp Group