Home കർണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാൻ്റെ വീട്ടില്‍ മോഷണം: ബന്ധുവും സുഹൃത്തും അറസ്റ്റില്‍

മന്ത്രി സമീര്‍ അഹമ്മദ് ഖാൻ്റെ വീട്ടില്‍ മോഷണം: ബന്ധുവും സുഹൃത്തും അറസ്റ്റില്‍

ബെംഗളൂരു: കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ്റെ സ്റ്റേഷൻ റോഡിലുള്ള വസതിയില്‍ നിന്ന് 1.3 കിലോ സ്വർണ്ണം മോഷ്ടിച്ച കേസില്‍ രണ്ട് പേരെ ശിവാജിനഗർ പോലീസ് അറസ്റ്റ് ചെയ്തു.പ്രതികളില്‍ ഒരാള്‍ മന്ത്രിയുടെ മാതാവിൻ്റെ അടുത്ത ബന്ധുവായ സയീദ് അമീറാണ്. ഇയാളുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അമീർ അഹമ്മദാണ് പിടിയിലായ രണ്ടാമൻ.ഏപ്രില്‍ 15-നാണ് മന്ത്രിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 1.3 കിലോ സ്വർണ്ണം കാണാനില്ലെന്നായിരുന്നു പരാതി. വീട്ടില്‍ വരാറുള്ള ബന്ധുക്കളെ സംശയമുണ്ടെന്നും അവർ സൂചിപ്പിച്ചിരുന്നു. അന്വേഷണത്തിനിടെ ഏപ്രില്‍ 16-ന് സയീദ് അമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

തുടർന്ന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 19-ന് അമീർ അഹമ്മദിനെയും പോലീസ് പിടികൂടി.മോഷണം പോയ സ്വർണ്ണം മത്തിക്കെരെയിലെയും കമ്മഗൊണ്ടനഹള്ളിയിലെയും വിവിധ ജ്വല്ലറികളില്‍ പണയപ്പെടുത്തിയതായി പ്രതികള്‍ വെളിപ്പെടുത്തി. തുടർന്ന് നടത്തിയ പരിശോധനയില്‍ 1.13 കോടി രൂപ വിലമതിക്കുന്ന 759 ഗ്രാം സ്വർണ്ണം പോലീസ് വീണ്ടെടുത്തു. യാത്രാ ബിസിനസ്സ് നടത്തിയിരുന്ന പ്രതികള്‍ക്ക് കോവിഡ് കാലത്ത് വൻ സാമ്പത്തിക നഷ്ടം സംഭവിച്ചിരുന്നു. ബിസിനസ്സിലെ ബാധ്യതകള്‍ തീർക്കാനും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്താനുമാണ് ഇവർ മോഷണം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാക്കിയുള്ള സ്വർണ്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

You may also like

error: Content is protected !!
Join Our WhatsApp Group