Home കർണാടക കോടികള്‍ തട്ടി ദുബായില്‍ ജയിലിലായി, ബെംഗളൂരുവില്‍ യുവതിയെ കൊലപ്പെടുത്തിയ ദീപക് കൃഷ്ണൻ സ്ഥിരം അക്രമിയെന്ന് പൊലീസ്

കോടികള്‍ തട്ടി ദുബായില്‍ ജയിലിലായി, ബെംഗളൂരുവില്‍ യുവതിയെ കൊലപ്പെടുത്തിയ ദീപക് കൃഷ്ണൻ സ്ഥിരം അക്രമിയെന്ന് പൊലീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ മര്‍ദ്ദമേറ്റ് യുവതി മരിച്ച സംഭവത്തിലെ പ്രതി ദീപക് കൃഷ്ണൻ സ്ഥിരം അക്രമിയെന്ന് പൊലീസ് കണ്ടെത്തല്‍.2024ല്‍ കൊച്ചിയില്‍ മൃഗ ഡോക്ടറെ ഭീഷണിപ്പെടുത്തിയതിന് ദീപക് അറസ്റ്റിലായിരുന്നു, കൊക്കെയ്ൻ കൈവശം വച്ചതിനും കേസുണ്ട്. ദുബായില്‍ ഐ.ടി. ഉദ്യോഗസ്ഥനായിരുന്നു ദീപക്. സഹപ്രവർത്തകരില്‍ 3 കോടി തട്ടിയതിന് പിന്നാലെ ദുബായില്‍ ജയിലിലായി. ജാമ്യത്തിലിറങ്ങി വ്യാജ പാസ്പോർട്ടില്‍ ദീപക് ഇന്ത്യയിലേയ്ക്ക് കടക്കുകയായിരുന്നു. യുവതി ഇയാളില്‍ നിന്നും നേരിട്ടത് ക്രൂരപീഡനം ആയിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. സംഭവം നടന്ന മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ കർണാടക പൊലീസിന് ആയിട്ടില്ല.മർദ്ദനമേറ്റ് യുവതി അബോധാവസ്ഥയിലായതിനു പിന്നാലെ ദീപക് കൃഷ്ണൻ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. ഇയാള്‍ക്കായുള്ള തെരച്ചില്‍ കർണാടക പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.

തൃശ്ശൂരിലെത്തിയ പൊലീസ് സംഘം യുവതിയുടെ ബന്ധുക്കളില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചു. ദീപക് കൃഷ്ണന്റെ ക്രിമിനല്‍ പശ്ചാത്തലം തെളിയിക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദുബായില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പെട്ട് ജയിലില്‍ ആയിരുന്ന ഇയാള്‍, വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് മടങ്ങിയെത്തിയത്. 2024 ല്‍ കൊച്ചിയിലെ മൃഗാശുപത്രിയില്‍ ഡോക്ടറെ ഭീഷണിപ്പെടുത്തിയതിനും, ലഹരി കച്ചവടത്തിനും ഇയാള്‍ അറസ്റ്റില്‍ ആയിട്ടുണ്ട്. ദീർഘകാലമായി ബംഗളൂരുവിലാണ് താമസം. നായകളെ വളർത്തുന്നതാണ് പ്രധാന വിനോദം.നാല്‍പതിനായിരം രൂപ ശമ്പളം പ്രതീക്ഷിച്ചാണ് ദീപക് കൃഷ്ണൻ നടത്തിയിരുന്ന ഷെല്‍ട്ടർ ഹോമിലെ നായകളെ നോക്കുന്നതിനായി വാടാനപ്പള്ളി സ്വദേശിയായ യുവതി ബെംഗളൂരുവിലേക്ക് പോയത്. ഞായറാഴ്ച വൈകുന്നേരം ലൈംഗിക ഉദ്ദേശത്തോടെ ദീപക് യുവതിയെ സമീപിക്കുകയായിരുന്നു. എതിർത്തതോടെയാണ് മർദ്ദനം ആരംഭിച്ചത്. അബോധാവസ്ഥയില്‍ ആകുന്നതുവരെ മർദ്ദിച്ച ശേഷം ഇയാള്‍ മുറിപൂട്ടി കടന്നുകളഞ്ഞു. ദീപക് കൃഷ്ണന്റെ ക്രിമിനല്‍ പശ്ചാത്തല ത്തെക്കുറിച്ച്‌ അറിവില്ലായിരുന്നു എന്നാണ് കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് പറയുന്നത്. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

You may also like

error: Content is protected !!
Join Our WhatsApp Group