Home കർണാടക ബെംഗളൂരു യാത്രികര്‍ക്ക് സന്തോഷ വാര്‍ത്ത; മെയ് അവസാനത്തോടെ റോഡുകള്‍ പുതിയത് പോലെയാവും..!

ബെംഗളൂരു യാത്രികര്‍ക്ക് സന്തോഷ വാര്‍ത്ത; മെയ് അവസാനത്തോടെ റോഡുകള്‍ പുതിയത് പോലെയാവും..!

ബെംഗളൂരു: മഴയ്ക്ക് മുൻപേ നഗരത്തിലെ റോഡുകളുടെ അറ്റകുറ്റ പണികള്‍ പൂർത്തിയാക്കാൻ നടപടിയുമായി അധികൃതർ. ബെംഗളൂരു വെസ്‌റ്റ്, ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷനുകളുടെ പരിധിയിലുള്ള നിലവിലുള്ള ടാറിംഗ് ജോലികള്‍ മെയ് അവസാനത്തോടെ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ച്‌ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ചീഫ് കമ്മീഷണർ എം മഹേശ്വര റാവു രംഗത്ത് വന്നു.ഇന്നലെയാണ് അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തില്‍ നിർദ്ദേശം നല്‍കിയത്.രണ്ട് സിറ്റി കോർപ്പറേഷനുകളിലെയും ടാറിംഗ് ജോലികളുടെ പുരോഗതിയും മണ്‍സൂണ്‍ മുന്നൊരുക്കങ്ങളും മഹേശ്വർ റാവു വിലയിരുത്തി. പൂർത്തിയാക്കിയ റോഡ് ജോലികളുടെ ഗുണമേന്മ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ നേരിട്ട് സൈറ്റുകള്‍ സന്ദർശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനപ്പെട്ട ആർട്ടീരിയല്‍, സബ്-ആർട്ടീരിയല്‍, വാർഡ് തല റോഡുകളിലെ ടാറിംഗും സമഗ്ര വികസന പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ നടന്നുവരുന്നതായി ജിബിഎ പ്രസ്‌താവനയില്‍ പറയുന്നു.

‘കാല്‍നടപ്പാതകളും ഡ്രെയിനേജ് ജോലികളും പൂർത്തിയാക്കുന്നതിന് മുൻഗണന നല്‍കണം.എല്ലാ ടാറിംഗ് ജോലികളും മെയ് അവസാനത്തോടുകൂടി അവസാനിപ്പിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ട്’ പ്രസ്‌താവന കൂട്ടിച്ചേർത്തു. മഴക്കാലത്ത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാകാതിരിക്കാൻ പ്രതിരോധ നടപടികള്‍ ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു.ജോലികള്‍ ഇതുവരെ ആരംഭിക്കാത്തതോ നടന്നുകൊണ്ടിരിക്കുന്നതോ ആയ സ്ഥലങ്ങളില്‍ കാല്‍നടപ്പാതകളും ഡ്രെയിനേജ് സംവിധാനങ്ങളും വികസിപ്പിക്കുന്നതിന് മുൻഗണന നല്‍കണമെന്നും ആവശ്യപ്പെട്ടു. വേനല്‍ മഴയില്‍ വീണുപോയ മരങ്ങള്‍ നീക്കം ചെയ്യുന്നതിനും മറ്റും മുൻഗണന നല്‍കാൻ നിർദേശിച്ചു.’സമീപകാല മഴയില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ട പ്രദേശങ്ങള്‍ കണ്ടെത്തി, ഇത് ആവർത്തിക്കാതിരിക്കാൻ നടപടികള്‍ സ്വീകരിക്കണം. ഓടകളിലെ ചെളി നീക്കംചെയ്യുക, സൈഡ് ഡ്രെയിനുകള്‍ വൃത്തിയാക്കുക, മാലിന്യങ്ങള്‍ നീക്കം ചെയ്യുക എന്നിവ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പൂർത്തിയാക്കണം’ എന്നായിരുന്നു അദ്ദേഹം അറിയിച്ചത്.

നടക്കുന്ന ജോലികള്‍ നിരന്തരം നിരീക്ഷിക്കുന്നതിനായി ഒരു പ്രോജക്റ്റ് മോണിറ്ററിംഗ് ഡാഷ്ബോർഡ് സ്ഥാപിക്കാനും മഹേശ്വർ റാവു നിർദേശിച്ചു. ജോലികളുടെ ചിത്രങ്ങള്‍, ഗുണമേന്മ സർട്ടിഫിക്കറ്റുകള്‍, മറ്റ് വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ഡാഷ്ബോർഡ് ദിവസവും അപ്ഡേറ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.റോഡ് ജോലികള്‍ പൂർത്തിയാക്കിയ ശേഷം അവശേഷിക്കുന്ന അവശിഷ്‌ടങ്ങള്‍ ഉടൻ നീക്കം ചെയ്യാൻ കരാറുകാർക്ക് കർശന നിർദേശം നല്‍കിയിട്ടുണ്ടെന്ന് ബെംഗളൂരു വെസ്‌റ്റ് സിറ്റി കോർപ്പറേഷൻ കമ്മീഷണർ ഡോ. കെവി രാജേന്ദ്ര അറിയിച്ചു. ടാറിംഗ് ജോലികള്‍ അതിവേഗം പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ നടപടികളും അതാത് സമയങ്ങളില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ കമ്മീഷണർ കെഎൻ രമേശും അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group