ദില്ലി: ഇന്ത്യയില്‍ അതിവേഗം വളരുന്ന ക്വിക്ക്-കോമേഴ്‌സ് മേഖലയില്‍ മത്സരം കൂടുതല്‍ കടുക്കുന്നു. ആഗോളതലത്തില്‍ ഇ-കൊമേഴ്‌സ് രംഗത്തെ മുൻനിര കമ്പനിയായ ആമസോണ്‍ ആമസോണ്‍ നൗ എന്ന 10 മിനിറ്റ് ഡെലിവറി സേവനം വലിയ തോതില്‍ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്.നിലവില്‍ പരിമിതമായ ചില നഗരങ്ങളില്‍ മാത്രമായി ലഭ്യമായിരുന്ന ഈ സേവനം ഉടൻ തന്നെ രാജ്യത്തെ 100 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.ഓരോ പ്രദേശത്തും പ്രത്യേകമായി സ്ഥാപിക്കുന്ന മൈക്രോ-ഫുള്‍ഫില്‍മെന്‍റ് സെന്‍ററുകള്‍ (MFCs) വഴിയാണ് ആമസോണ്‍ നൗ പ്രവർത്തിക്കുന്നത്. ഈ ചെറിയ ഗോഡൗണുകള്‍ ഉപഭോക്താക്കളുടെ അടുത്തായി സ്ഥിതി ചെയ്യുന്നു. അതിനാല്‍ ഓർഡർ നല്‍കിയതിനു പിന്നാലെ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ സാധനങ്ങള്‍ എത്തിക്കാൻ കഴിയുന്നു. ഭക്ഷ്യവസ്‍തുക്കള്‍, വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങള്‍, ഫാഷൻ, ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍, ചെറിയ ഗൃഹോപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ ഈ സേവനത്തിലൂടെ ലഭ്യമാണ്.ഈ വിപുലീകരണ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഏകദേശം 1,000 മൈക്രോ-ഫുള്‍ഫില്‍മെന്‍റ് സെന്‍ററുകള്‍ സ്ഥാപിക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ 16,000-ത്തില്‍ അധികം കർഷകർക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള അവസരം ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
പ്ലാറ്റ്‌ഫോമിലെ വില്‍പ്പനക്കാരുടെ സഹായത്തോടെ കർഷകർക്ക് വിപണി വ്യാപിപ്പിക്കാനും ഇതുവഴി സാധിക്കും.പുതിയ സേവനം കൊച്ചി, പൂനെ, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ജയ്‌പൂർ, ലക്‌നൗ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും വ്യാപിക്കും. ഈ നഗരങ്ങളിലെ ഉപഭോക്താക്കള്‍ ആമസോണ്‍ ആപ്പില്‍ നൗ ഐക്കണ്‍ പരിശോധിച്ച് സേവനം അവരുടെ പ്രദേശത്ത് ലഭ്യമാണോ എന്ന് അറിയാൻ കഴിയും. നിലവില്‍ മുംബൈ, ഡല്‍ഹി-എൻസിആർ, ബെംഗളൂരു എന്നിവിടങ്ങളില്‍ ഈ സേവനം വിജയകരമായി പ്രവർത്തിച്ചു വരുന്നു.2,800 കോടിയില്‍ അധികം നിക്ഷേപത്തിന്‍റെ ഭാഗമായാണ് ഈ വിപുലീകരണം നടപ്പാക്കുന്നത്. പ്രവർത്തന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ജീവനക്കാരുടെ സുരക്ഷയും ആരോഗ്യവും സാമ്പത്തിക ക്ഷേമവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അമസോണ്‍ അറിയിച്ചു. കഴിഞ്ഞ വർഷം മുംബൈയും ബെംഗളൂരുമായിരുന്നു ആമസോണ്‍ നൌ ആരംഭിച്ച നഗരങ്ങള്‍. പുതിയ നീക്കത്തോടെ സെപ്റ്റോ, സ്വിഗ്ഗി ഇൻസ്റ്റമാർട്ട്, ബ്ലിങ്കിറ്റ്, ഫ്ലിപ്‍കാർട്ട് മിനുട്‍സ്, ബിബി നൗ തുടങ്ങിയ പ്രമുഖ കമ്പനികളുമായി നേരിട്ടുള്ള മത്സരത്തില്‍ ആമസോണ്‍ കൂടുതല്‍ ശക്തമായി രംഗത്തെത്തുകയാണ്.