Home കർണാടക ബസ് സമരം മെയ് 20 മുതല്‍; പണിമുടക്ക് പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി യൂണിയന്‍, ബെംഗളൂരു യാത്ര മുടങ്ങും

ബസ് സമരം മെയ് 20 മുതല്‍; പണിമുടക്ക് പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി യൂണിയന്‍, ബെംഗളൂരു യാത്ര മുടങ്ങും

ബെംഗളൂരു: കര്‍ണാടകയില്‍ മെയ് 20 മുതല്‍ അനിശ്ചിതകാല ബസ് സമരം. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെഎസ്‌ആര്‍ടിസി) ജീവനക്കാരുടെ സംയുക്ത സമര സമിതി (ജെഎസി)യാണ് സമരം പ്രഖ്യാപിച്ചത്.ശമ്പളം വര്‍ധിപ്പിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യം സര്‍ക്കാര്‍ പൂര്‍ണമായി അംഗീകരിക്കാത്തതാണ് സമരത്തിന് കാരണം.ഗതാഗത മന്ത്രിയുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് യൂണിയനുകള്‍ സമരത്തിലേക്ക് കടക്കുന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മെയ് 20 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ജീവനക്കാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമരം തുടങ്ങിയാല്‍ കര്‍ണാടകയിലെ ബസുകള്‍ നിശ്ചലമാകും. മാത്രമല്ല, ഇത് കേരളത്തിലേക്കുള്ള സര്‍വീസുകളെ ബാധിക്കുകയും ചെയ്യും.നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന നഗരമാണ് ബെംഗളൂരു. ദിനംപ്രതി നൂറുകണക്കിന് മലയാളികളാണ് ട്രെയിനിലും ബസിലുമായി ബെംഗളൂരുവിലേക്കും തിരിച്ചും കേരളത്തില്‍ നിന്ന് യാത്ര ചെയ്യുന്നത്. കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ സമരം തുടങ്ങിയാല്‍ കേരളത്തില്‍ നിന്നുള്ള ബസുകളില്‍ തിരക്കേറും. ഇത് യാത്ര പ്രതിസന്ധിയിലാക്കാന്‍ ഇടവരുത്തും.ശമ്പളം, കുടിശ്ശിക; സമരക്കാരുടെ ആവശ്യംഎഐടിയുസിയുടെ കെഎസ്‌ആര്‍ടിസി സ്റ്റാഫ് ആന്റ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ആണ് ജെഎസിക്ക് നേതൃത്വം നല്‍കുന്നത്.

മറ്റു അഞ്ച് പ്രധാന യൂണിയനുകളുടെ പിന്തുണയും ജെഎസിക്കുണ്ട്. അതുകൊണ്ടുതന്നെ ഇവര്‍ സമരം തുടങ്ങിയാല്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് നിലയ്ക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജെഎസി അനിശ്ചിതകാല സമരം തുടങ്ങിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അന്ന് സമരം പിന്‍വലിച്ചത്.ശമ്പളം വര്‍ധിപ്പിക്കണം, കുടിശ്ശിക ലഭിക്കണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. സമരത്തിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ജെഎസി കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ശേഷമാണ് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി ചര്‍ച്ച നടത്തിയതും ഫലം കാണാതെ പിരിഞ്ഞതും. ഇതോടെ സമരവുമായി മുന്നോട്ട് പോകാന്‍ ജെഎസി തീരുമാനിക്കുകയായിരുന്നു.25 ശതമാനം ശമ്പള വര്‍ധനവ്2024 ജനുവരി ഒന്ന മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 25 ശതമാനം ശമ്പളം വര്‍ധിപ്പിക്കണം എന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. 38 മാസത്തെ കുടിശ്ശിക തീര്‍ക്കണം എന്നും അവര്‍ ആവശ്യപ്പെടുന്നു. ബസ് റൂട്ടുകള്‍ ശാസ്ത്രീയമായി മാറ്റം വരുത്തണം, പ്രതിദിന അലവന്‍സുകള്‍ വര്‍ധിപ്പിക്കണം എന്നിവയാണ് മറ്റു ആവശ്യങ്ങള്‍. സര്‍ക്കാരിന്റെ ഉദാസീനതയാണ് സമരത്തിന് കാരണം എന്ന് ജെഎസി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.2025 ഏപ്രില്‍ മുതല്‍ ഏഴ് ശതമാനം ശമ്പളം വര്‍ധിപ്പിക്കാം എന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം ചര്‍ച്ചയില്‍ ഗതാഗത മന്ത്രി സമരക്കാരെ അറിയിച്ചു. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല എന്ന് തൊഴിലാളികള്‍ പറയുന്നു. സര്‍ക്കാരിനെ പലതവണ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്നും അവര്‍ വിശദമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group