ബെംഗളൂരു: റിമോട്ട് ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് സജീവമാകുന്നു.ക്ലൗഡ്ഫ്ലെയർ വെരിഫിക്കേഷൻ എന്ന വ്യാജേന ഉദ്യോഗാർത്ഥികളുടെ കമ്പ്യൂട്ടറുകളില്‍ മലീഷ്യസ് കമാൻഡുകള്‍ പ്രവർത്തിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത് (Fake Job Interview Scam Cloudflare) . ഒരു ടെക് പ്രൊഫഷണല്‍ തന്നെയാണ് തനിക്ക് നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.‘Criptoro’ എന്ന കമ്പനിയിലെ ഡാറ്റാ അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥിയെയാണ് തട്ടിപ്പുകാർ സമീപിച്ചത്. പ്രൊഫഷണലായ ഇന്റർവ്യൂ നടപടികള്‍ക്ക് ശേഷം ഇവർ ഒരു ചാറ്റ് ലിങ്ക് അയച്ചു നല്‍കി. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ലഭിച്ച പേജ് ക്ലൗഡ്ഫ്ലെയർ വെരിഫിക്കേഷന്റേതിന് സമാനമായിരുന്നു.
മനുഷ്യനാണോ എന്ന് ഉറപ്പുവരുത്താൻ കീബോർഡിലെ Windows + R, തുടർന്ന് Ctrl + V, ശേഷം Enter എന്നിവ അമർത്താൻ ആവശ്യപ്പെട്ടു. ഈ പ്രക്രിയയിലൂടെ തട്ടിപ്പുകാർ നേരത്തെ കോപ്പി ചെയ്തുവെച്ചിരുന്ന അപകടകരമായ കമാൻഡുകള്‍ ഉദ്യോഗാർത്ഥിയുടെ കമ്പ്യൂട്ടറില്‍ പ്രവർത്തിപ്പിച്ചു. ഇതിലൂടെ സിസ്റ്റത്തിലെ പാസ്‌വേഡുകളും വ്യക്തിഗത വിവരങ്ങളും ചോർത്താൻ തട്ടിപ്പുകാർക്ക് സാധിക്കും.യഥാർത്ഥ ക്ലൗഡ്ഫ്ലെയർ വെരിഫിക്കേഷനില്‍ ഒരിക്കലും കീബോർഡ് ഷോർട്ട്ട്കട്ടുകള്‍ ഉപയോഗിക്കാൻ ആവശ്യപ്പെടില്ലെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നവർ ഉടൻ തന്നെ പാസ്‌വേഡുകള്‍ മാറ്റണമെന്നും കമ്പ്യൂട്ടർ സ്കാൻ ചെയ്യണമെന്നും നിർദ്ദേശമുണ്ട്.