Home തിരഞ്ഞെടുത്ത വാർത്തകൾ കേരളത്തെയടക്കം കരയിച്ച ചിത്രം, ലൈഫ് ജാക്കറ്റിനുള്ളില്‍ മകനെ ചേര്‍ത്തുപിടിച്ച്‌ ജീവൻ നഷ്ടമായ അമ്മ; വ്യാജമെന്ന് കളക്ടര്‍

കേരളത്തെയടക്കം കരയിച്ച ചിത്രം, ലൈഫ് ജാക്കറ്റിനുള്ളില്‍ മകനെ ചേര്‍ത്തുപിടിച്ച്‌ ജീവൻ നഷ്ടമായ അമ്മ; വ്യാജമെന്ന് കളക്ടര്‍

ജബല്‍പൂർ: മധ്യപ്രദേശിലെ ജബല്‍പൂർ ബർഗി ഡാമിലുണ്ടായ ബോട്ട് അപകടത്തിലേത് എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വൈകാരികമായ ചിത്രം വ്യാജമാണെന്ന് സ്ഥിരീകരിച്ച്‌ ജില്ലാ ഭരണകൂടം.തന്‍റെ പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന ഒരമ്മയുടെ ചിത്രം ദുരന്തത്തിന്‍റെ ഇരകളുടേതെന്ന പേരില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് ബർഗി ഡാം അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന് ജബല്‍പൂർ കളക്ടർ ഔദ്യോഗികമായി അറിയിച്ചു.പ്രചരിക്കുന്ന ചിത്രം ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് ഉപയോഗിച്ച്‌ നിർമ്മിച്ചതോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്രോതസ്സുകളില്‍ നിന്ന് എടുത്തതോ ആകാമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്ന് ജബല്‍പൂർ കളക്ടറുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആവശ്യപ്പെട്ടു.

ദുരന്തബാധിതരായ കുടുംബങ്ങളെയും രക്ഷാപ്രവർത്തനത്തെയും ഇത്തരം തെറ്റായ വിവരങ്ങള്‍ ദോഷകരമായി ബാധിക്കുമെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കി.അപകടത്തില്‍പ്പെട്ട വിനോദസഞ്ചാര ബോട്ടില്‍ നിന്ന് ഒൻപത് മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുത്തു കഴിഞ്ഞു. കാണാതായവർക്കായുള്ള തിരച്ചില്‍ എൻഡിആർഎഫ്, എസ്‍ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങള്‍ക്കും ഇടയില്‍ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കാൻ വ്യാജ വാർത്തകള്‍ കാരണമാകുന്നുണ്ട്. ദുരന്തസമയങ്ങളില്‍ വൈകാരികമായ ഉള്ളടക്കങ്ങള്‍ വേഗത്തില്‍ പ്രചരിക്കാറുണ്ടെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും ജബല്‍പൂർ ഭരണകൂടം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വ്യാജചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group