Home കർണാടക കബഡി മത്സരത്തില്‍ ‘ബെറ്റിംഗ്’: കര്‍ണാടക ആഭ്യന്തര മന്ത്രിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

കബഡി മത്സരത്തില്‍ ‘ബെറ്റിംഗ്’: കര്‍ണാടക ആഭ്യന്തര മന്ത്രിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

by ടാർസ്യുസ്

ബെംഗളൂരു: പ്രാദേശിക കബഡി മത്സരത്തില്‍ 500 രൂപ ബെറ്റ് വെച്ചതായി വെളിപ്പെടുത്തിയ കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വരയ്ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ബെംഗളൂരുവിലെ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മന്ത്രിക്കൊപ്പം തുമകുരു ഡെപ്യൂട്ടി കമ്മീഷണര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തുമകുരു പോലീസിന് നിര്‍ദ്ദേശം നല്‍കി.മന്ത്രി ബെറ്റിംഗ് നടത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എച്ച്‌.ആര്‍. നാഗഭൂഷണ്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എന്‍. ശിവകുമാറിന്റെ നടപടി.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മന്ത്രിയുടെ സ്വന്തം ജില്ലയായ തുമകുരുവില്‍ ഒരു കബഡി ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. ഒക്ടോബര്‍ 19-ന് വിജയപുരയും ദക്ഷിണ കന്നഡ ടീമും തമ്മില്‍ നടന്ന മത്സരത്തിന് ശേഷം, താന്‍ ഡെപ്യൂട്ടി കമ്മീഷണറുമായി 500 രൂപയ്ക്ക് ബെറ്റ് വെച്ചിരുന്നതായും താന്‍ പിന്തുണച്ച ടീം തോറ്റതിനാല്‍ ആ പണം നഷ്ടമായതായും മന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു.

‘എനിക്ക് 500 രൂപ നഷ്ടമായി. ഡിസിയും ഞാനും തമ്മില്‍ ഒരു ബെറ്റ് ഉണ്ടായിരുന്നു. ഞാന്‍ തോറ്റുപോയി,’ എന്നായിരുന്നു മന്ത്രി അന്ന് പറഞ്ഞത്. വാര്‍ത്താ ചാനലുകളില്‍ ഇത് സംപ്രേഷണം ചെയ്തതോടെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 112(2), 45 എന്നിവ പ്രകാരം ബെറ്റിംഗ് ശിക്ഷാര്‍ഹമായ കുറ്റമാണ്. എന്നാല്‍ മന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും അന്വേഷണത്തിന് മുന്‍കൂര്‍ അനുമതിയില്ലെന്നും കാട്ടി പോലീസ് പരാതി തള്ളിയിരുന്നു. തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.ബെറ്റിംഗ് എന്നത് ഒരു ആഭ്യന്തര മന്ത്രിയുടെയോ ഡെപ്യൂട്ടി കമ്മീഷണറുടെയോ ഔദ്യോഗിക ചുമതലയില്‍ വരുന്ന കാര്യമല്ലാത്തതിനാല്‍, ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാരിന്റെ പ്രത്യേക മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. തുമകുരു ജില്ലയിലെ കൊരട്ടഗെരെ താലൂക്കിലെ കൊടഗെഹള്ളി പോലീസിനോട് ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ കോടതി ഉത്തരവിട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group