Home ചെന്നൈ സ്വത്തുവിവരത്തിൽ പൊരുത്തക്കേട്; നടൻ വിജയ്ക്ക് കോടതി നോട്ടീസ്

സ്വത്തുവിവരത്തിൽ പൊരുത്തക്കേട്; നടൻ വിജയ്ക്ക് കോടതി നോട്ടീസ്

by ടാർസ്യുസ്

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളിൽ നൂറു കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന് മദ്രാസ് ഹൈക്കോടതി നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നടപടിയെടുത്തത്.വിജയ്ക്ക് പുറമെ ആദായനികുതി വകുപ്പ് ഡയറക്ടർ ജനറൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വി. വിഗ്നേഷ് എന്നയാൾ സമർപ്പിച്ച ഹർജി പ്രകാരം, നിയമസഭാ തിരഞ്ഞെടുപ്പിൽ പെരമ്പൂർ, തിരുച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ വിജയ് സമർപ്പിച്ച പത്രികകളിലെ വിവരങ്ങൾ തമ്മിൽ വലിയ പൊരുത്തക്കേടുകളാണുള്ളത്.

പെരമ്പൂരിൽ 115 കോടി രൂപയുടെ ആസ്തി കാണിച്ചപ്പോൾ, തിരുച്ചി ഈസ്റ്റിൽ അത് 220 കോടി രൂപയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഈ 100 കോടിയുടെ വ്യത്യാസത്തിൽ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ലെന്നും ആസ്തി വിവരങ്ങൾ മറച്ചുവെച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. സ്വത്തുവിവരങ്ങൾക്ക് പുറമെ പ്രായം, ക്രിമിനൽ കേസുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളിലും വൈരുദ്ധ്യങ്ങളുണ്ട്. ഒരു പത്രികയിൽ പ്രായം 51 എന്നും മറ്റൊന്നിൽ 52 എന്നും രേഖപ്പെടുത്തിയതിനൊപ്പം, ക്രിമിനൽ കേസുകളെക്കുറിച്ചുള്ള വിവരങ്ങളിലും വ്യത്യാസമുണ്ട്.പത്രികാ സമർപ്പണത്തിന്റെ അവസാന നിമിഷങ്ങളിൽ പിഴവുകൾ തിരുത്തി പുതിയ സത്യവാങ്മൂലം നൽകിയതിനാലാണ് വിജയ്‌യുടെ പത്രികകൾ നേരത്തെ സ്വീകരിച്ചത്. എന്നാൽ, ഈ പൊരുത്തക്കേടുകൾ ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group