ബെംഗളൂരു: സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് കരുത്തേകുന്നതിനായി രണ്ട് പുതിയ ഗ്രാന്റ്-ഇൻ-എയ്ഡ് പദ്ധതികള്‍ പ്രഖ്യാപിച്ച് കർണാടക സർക്കാർ.ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള സംരംഭകർക്കായി ‘എലിവേറ്റ് മൈനോറിറ്റീസ് 2026’ അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകള്‍ക്കായി ‘എലിവേറ്റ് എൻ.എക്സ്.ടി 2026-27’ എന്നീ പദ്ധതികളാണ് ഐടി-ബിടി വകുപ്പ് ആരംഭിച്ചത്.ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട സംരംഭകരുടെ പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകള്‍ക്ക് ഒറ്റത്തവണ സാമ്പത്തിക സഹായമായി 50 ലക്ഷം രൂപ വരെ ഗ്രാന്റ് നല്‍കും. പ്രോട്ടോടൈപ്പ് വികസനം, വിപണി കണ്ടെത്തല്‍, ബിസിനസ് വിപുലീകരണം എന്നിവയ്ക്കാണ് ധനസഹായം ലഭിക്കുക.
സർക്കാർ അംഗീകൃത ഇൻകുബേഷൻ കേന്ദ്രങ്ങള്‍ വഴി ഇളവ് നിരക്കില്‍ മെന്റർഷിപ്പും പരിശീലനവും ഉറപ്പാക്കും. കർണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും ന്യൂനപക്ഷ വികസന കോർപ്പറേഷനും അംഗീകരിച്ച മുസ്ലിം, ബുദ്ധ, ജെയിൻ, സിഖ്, പാർസി സമുദായങ്ങളില്‍ നിന്നുള്ള സംരംഭകർക്ക് പങ്കാളികളാകാം.ഓണ്‍ലൈൻ അപേക്ഷ, രേഖകളുടെ പരിശോധന, ഇൻ-പേഴ്സണ്‍ പിച്ചിംഗ്, ഗ്രാൻഡ് ഫിനാലെ എന്നിങ്ങനെ നാല് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആശയം, സാമൂഹിക പ്രസക്തി, ബിസിനസ് മോഡല്‍, ടീം ശേഷി, ബജറ്റ് എന്നിവ വിലയിരുത്തി കുറഞ്ഞത് 60 മാർക്ക് നേടുന്നവർക്ക് ഫിനാലെയിലേക്ക് യോഗ്യത ലഭിക്കും. നവീകരണത്തിലും സാങ്കേതിക വികസനത്തിലും ഊന്നിയുള്ള സമഗ്രമായ ഒരു സ്റ്റാർട്ടപ്പ് അന്തരീക്ഷം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ കൂട്ടിച്ചേർത്തു.