പൂനെ-ബെംഗളൂരു ഗ്രീൻഫീല്‍ഡ് എക്സ്പ്രസ് വേയ്ക്ക് കേന്ദ്രസർക്കാരിന്റെ അന്തിമാനുമതി ഉടൻ ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്.ചർച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഹൻസ് ഇന്ത്യ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. ഏകദേശം 700 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഈ ഇടനാഴി. 45,000 കോടി മുതല്‍ 50,000 കോടി രൂപ വരെയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പദ്ധതിയുടെ അലൈൻമെൻ്റ് അനുമതി ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇത് അംഗീകരിച്ചാല്‍ ഭൂമി ഏറ്റെടുക്കല്‍ ഘട്ടത്തിലേക്ക് കടക്കും. തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കും. മഹാരാഷ്ട്രയിലെ സത്താറ, സാംഗ്ലി എന്നീ പ്രധാന ജില്ലകളിലൂടെ കടന്ന് ബെലഗാവി വഴി കർണാടകയിലേക്ക് പ്രവേശിക്കുന്നതാണ് ഇടനാഴി.
പിന്നീട് വിജയപുര, ദാവണ്‍ഗരെ എന്നിവിടങ്ങളിലൂടെ കടന്ന് ഇത് ബെംഗളൂരുവില്‍ അവസാനിക്കും.നിലവില്‍, പൂനെ-ബെംഗളൂരു റോഡ് യാത്രയ്ക്ക് 14 മുതല്‍ 15 മണിക്കൂർ വരെ സമയമെടുക്കാറുണ്ട്. എന്നാല്‍, എക്സ്പ്രസ് വേ പൂർത്തിയാകുന്നതോടെ യാത്രാ സമയം ഏകദേശം 7 മണിക്കൂറായി കുറയും. ഇത് യാത്രക്കാർക്കും ചരക്ക് നീക്കത്തിനും ഒരുപോലെ വലിയ ഉത്തേജനം നല്‍കും.ഇടനാഴി സാമ്പത്തികമായും വലിയ രീതിയില്‍ മുന്നേറ്റമുണ്ടാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മെച്ചപ്പെട്ട കണക്റ്റിവിറ്റി വ്യാവസായിക ക്ലസ്റ്ററുകളിലും ലോജിസ്റ്റിക്സ് പാർക്കുകളിലും വെയർഹൗസിംഗ് ഹബുകളിലും വമ്പൻ നിക്ഷേപം ആകർഷിച്ചേക്കും.
പടിഞ്ഞാറൻ മഹാരാഷ്ട്രയും കർണാടകയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഈ എക്സ്പ്രസ് വേ നിർണായക പങ്ക് വഹിക്കുമെന്നാണ് അധികൃതർ വിശ്വസിക്കുന്നത്.വേഗത്തിലുള്ള യാത്രയും മികച്ച റോഡുകളും വിതരണ ശൃംഖല കാര്യക്ഷമമാക്കും. ഇന്ധന, ഗതാഗത ചെലവുകള്‍ കുറയ്ക്കാനും ഇത് സഹായിക്കും. ഉല്‍പ്പാദനം മുതല്‍ കൃഷി വരെയുള്ള വ്യവസായങ്ങള്‍ക്ക് ഇത് പ്രയോജനകരമാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ആധുനിക സുരക്ഷാ, ട്രാഫിക് സംവിധാനങ്ങളോടെയാണ് എക്സ്പ്രസ് വേ രൂപകല്‍പ്പന ചെയ്യുന്നത്, ഇത് സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കും. അതിവേഗ ഇടനാഴികള്‍ക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത്, പൂനെ-ബെംഗളൂരു എക്സ്പ്രസ് വേ മേഖലയുടെ ഒരു പ്രധാന സാമ്പത്തിക ജീവനാഡിയായി മാറുമെന്നാണ് പ്രതീക്ഷ.