ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ തലവര മാറ്റുന്ന മറ്റൊരു വമ്പൻ പദ്ധതി കൂടി. ദക്ഷിണേന്ത്യയിലെ വമ്പൻ നഗരങ്ങളിലൊന്നായ ബെംഗളൂരുവിനെ പുനെയുമായി ബന്ധിപ്പിക്കുന്ന പൂനെ – ബെംഗളൂരു ഗ്രീൻഫീല്‍ഡ് എക്സ്പ്രസ് വേ പദ്ധതിയാണ് നിർണായക ചർച്ചകളില്‍ തുടരുന്നത്.നിർദിഷ്ട പൂനെ – ബെംഗളൂരു ഗ്രീൻഫീല്‍ഡ് എക്സ്പ്രസ് വേ പദ്ധതിയുടെ അലൈൻമെന്റ് വൈകാതെ കേന്ദ്ര സർക്കാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.എക്സ്പ്രസ് വേയ്ക്ക് ഏകദേശം 700 കിലോമീറ്റർ ദൈർഘ്യവുമുണ്ടാകും. 6 മുതല്‍ 8 വരെ വരികളിലാകും നിർദിഷ്ട പാത. വമ്പൻ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ് 45,000 കോടി മുതല്‍ 50,000 കോടി രൂപവരെയാണ്. പദ്ധതിയുടെ അലൈൻമെൻ്റിന് അനുമതി ലഭിച്ചാലുടൻ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയും വൈകാതെ നിർമാണം ആരംഭിക്കുകയും ചെയ്യും.
ഭാരത്മാല പരിയോജനയ്ക്ക് കീഴില്‍ ആസൂത്രണം ചെയ്തിട്ടുള്ള 25 ഗ്രീൻഫീല്‍ഡ് ഇടനാഴികളില്‍ പൂനെ – ബെംഗളൂരു ഗ്രീൻഫീല്‍ഡ് എക്സ്പ്രസ് വേ പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിർദിഷ്ട പദ്ധതി അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രക്രിയ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ സൂചന നല്‍കി.മഹാരാഷ്ട്രയിലെയും കർണാടകയിലെയും പ്രധാന ജില്ലകളിലൂടെ കടന്നുപോകുന്ന നിർദിഷ്ട നിയന്ത്രിത പൂനെ – ബെംഗളൂരു ഗ്രീൻഫീല്‍ഡ് എക്സ്പ്രസ് വേ പൂനെയില്‍ നിന്ന് ആരംഭിച്ച് സത്താറ, സാംഗ്ലി വഴി ഐടി നഗരമായ ബെംഗളൂരുവില്‍ എത്തുന്നതിന് മുൻപ് ബെലഗാവി, വിജയനഗര, ദാവണഗരെ വഴി കർണാടകയില്‍ പ്രവേശിക്കും. പൂനെ ഔട്ടർ റിങ് റോഡില്‍ നിന്ന് ബെംഗളൂരുവിലെ സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡില്‍ (STRR) ഏകദേശം ഏഴ് മണിക്കൂറിനുള്ളില്‍ എത്തിച്ചേരാൻ സാധിക്കും.
പദ്ധതി യാഥാർഥ്യമായാല്‍ ഇരു നഗരങ്ങള്‍ തമ്മിലുള്ള യാത്രാ സമയം ഗണ്യമായി കുറയും. നിലവില്‍ പൂനെയ്ക്കും ബെംഗളൂരുവിനും ഇടയില്‍ റോഡ് മാർഗം സഞ്ചരിക്കാൻ ഏകദേശം 14 മുതല്‍ 15 മണിക്കൂർ വരെ വേണം. എക്സ്പ്രസ് വേ പൂർത്തിയാകുമ്പോള്‍ യാത്രാ സമയം ഏകദേശം 7 മണിക്കൂറായി കുറയും. ഇതോടെ ദീർഘദൂര യാത്ര സുഗമമാകുകയും ചരക്ക് നീക്കം ഉള്‍പ്പെടെയുള്ളവ വേഗത്തിലാകുകയും ചെയ്യും.പൂനെ – ബെംഗളൂരു എക്സ്പ്രസ് വേ നഗരങ്ങള്‍ തമ്മിലുള്ള കണക്റ്റിവിറ്റി ശക്തമാക്കുന്നതിനൊപ്പം മേഖലയിലെ സാമ്പത്തിക വളർച്ച ശക്തമാക്കു. പാത പൂർത്തിയാകുന്നതോടെ പ്രാദേശിക വളർച്ച വേഗത്തിലാകും. വ്യവസായങ്ങള്‍, ബിസിനസ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളെ ആകർഷിക്കും. ഇതോടെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. പൂനെ – ബെംഗളൂരു എക്സ്പ്രസ് വേ പടിഞ്ഞാറൻ മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും ഇടയിലുള്ള ഒരു പ്രധാന കണ്ണിയായി മാറുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.