Home കർണാടക കര്‍ണാടകയിലെ മാണ്ഡ്യയില്‍ ശ്രീ ഗുരുഭൈരവൈക്യ ക്ഷേത്രം ഭക്തര്‍ക്കായി സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി മോദി

കര്‍ണാടകയിലെ മാണ്ഡ്യയില്‍ ശ്രീ ഗുരുഭൈരവൈക്യ ക്ഷേത്രം ഭക്തര്‍ക്കായി സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി മോദി

by ടാർസ്യുസ്

ബംഗളൂരു : കർണാടകയിലെ മാണ്ഡ്യയില്‍ നിർമ്മിച്ച ശ്രീ ഗുരുഭൈരവൈക്യ ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഭക്തർക്കായി സമർപ്പിച്ചു.കർണാടകയിലെ പ്രമുഖ ആത്മീയ കേന്ദ്രമായ ശ്രീ ആദിചുഞ്ചനഗിരി മഹാസംസ്ഥാന മഠത്തിലാണ് ഏറെ പ്രത്യേകതകളുള്ള ഭൈരവൈക്യ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. മുൻ പ്രധാനമന്ത്രി എച്ച്‌.ഡി. ദേവഗൗഡയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. ആദിചുഞ്ചനഗിരി മഠത്തിന്റെ 71-ാമത് മഠാധിപതിയായിരുന്ന പത്മഭൂഷണ്‍ ഡോ. ബാലഗംഗാധരനാഥ മഹാസ്വാമിജിയുടെ സ്മരണാർത്ഥമാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.പരമ്പരാഗത ദ്രാവിഡ വാസ്തുശൈലിയില്‍ ഏകദേശം 80 കോടി രൂപ ചെലവഴിച്ച്‌ പൂർണ്ണമായും പ്രകൃതിദത്ത കല്ലുകളാലാണ് ഈ അതിമനോഹരമായ ക്ഷേത്ര സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത് . പത്തുവർഷം മുമ്പാണ് ഈ മന്ദിരത്തിനു തറക്കല്ലിട്ടത്. സ്വാമിജി ധ്യാനിച്ചിരുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ ഒരു പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി ബെംഗളൂരുവില്‍ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം മാണ്ഡ്യയില്‍ എത്തിയ പ്രധാനമന്ത്രി ഗുരു ഗോരഖ്‌നാഥ് തപസ്സുചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്ന ജ്വാലാ പീഠം സന്ദർശിച്ചു.

ശ്രീ കാലഭൈരവേശ്വര ക്ഷേത്രത്തില്‍ നടന്ന പ്രത്യേക പൂജകളിലും പ്രധാനമന്ത്രി പങ്കെടുത്തു.ദ്രാവിഡ, ചാലൂക്യ, ഹൊയ്സാല, ഗംഗാ വാസ്തുവിദ്യാ ശൈലികള്‍ ഉള്‍ക്കൊള്ളുന്ന ഈ ക്ഷേത്രം ഒഡീഷയിലെ സൂര്യക്ഷേത്രത്തിന്റെ നിർമ്മാണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. ഈ ക്ഷേത്രം വാസ്തുശില്പി ശങ്കർ സ്ഥപതിയുടെ മേല്‍നോട്ടത്തിലാണ് നിർമിച്ചത്.’ശ്രീ കാലഭൈരവ ക്ഷേത്രത്തിലെ ദർശനവും ഗുരു ഭൈരവൈക്യ മന്ദിരത്തിന്റെ ഉദ്ഘാടനവും എന്റെ മനസ്സില്‍ എന്നും മായാതെ നില്‍ക്കും. സന്യാസിമാരുടെ സാമീപ്യം ലഭിച്ചത് എന്റെ മഹാഭാഗ്യമായി കരുതുന്നു,’ എന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.ബാലഗംഗാധരനാഥ സ്വാമിജി വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ നല്‍കിയ സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു. ആദിചുഞ്ചനഗിരി മഠത്തിന്റെ ആത്മീയ പാരമ്പര്യം വിളിച്ചോതുന്ന ‘സൗന്ദര്യ ലഹരി’, ‘ശിവ മഹിംന സ്തോത്രം’ എന്നീ പുസ്തകങ്ങള്‍ എച്ച്‌.ഡി. ദേവഗൗഡയോടൊപ്പം അദ്ദേഹം പ്രകാശനം ചെയ്തു. കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട്, കേന്ദ്ര മന്ത്രിമാരായ എച്ച്‌.ഡി. കുമാരസ്വാമി, ശോഭ കരന്ദ്‌ലാജെ, മഠാധിപതി നിർമ്മലാനന്ദനാഥ സ്വാമിജി തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group