ബെംഗളൂരു: കർണാടകയില്‍ ഉഷ്ണതരംഗം ശക്തി പ്രാപിക്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത് പ്രകാരം സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ ഏപ്രില്‍ 15 മുതല്‍ അഞ്ച് ദിവസം ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയായിരിക്കും.ബിദാർ, വിജയപുര, ബാഗല്‍കോട്ട്, ഗദഗ്, കൊപ്പല്‍, കലബുറഗി, യാദ്ഗിർ, റായ്ച്ചൂർ ജില്ലകളിലും നാല് ദിവസം ഉഷ്ണതരംഗം തുടരുമെന്നാണ് കരുതുന്നത്.ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളില്‍ ചെറിയ തോതില്‍ മഴ ലഭിക്കാനിടയുണ്ട്. ഉത്തര കന്നഡ ജില്ലയില്‍ മഴസാധ്യത കുറവാണ്. ചൂടുള്ള, വരണ്ട കാലാവസ്ഥയായിരിക്കും. ധാർവാഡ്, ഹാവേരി, ബല്ലാരി, വിജയനഗർ ജില്ലകളില്‍ പകല്‍ സമയത്ത് നല്ല ചൂടുണ്ടായിരിക്കും.
അതെസമയം ബെംഗളൂരുവില്‍ താപനില കുത്തനെ ഉയരുമെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയർന്നേക്കും. എനിനിരിക്കിലും ബെംഗളൂരുവില്‍ താരതമ്യേന മെച്ചമായിരിക്കും കാലാവസ്ഥ. വൈകുന്നേരങ്ങളില്‍ മഴ പെയ്യാനുള്ള സാധ്യത കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട്. ഇങ്ങനെയാണെങ്കില്‍ രാത്രികാലങ്ങളില്‍ കടുത്ത ചൂടുണ്ടാകില്ല. പകല്‍സമയങ്ങളിലും വൈകുന്നേരം പെയ്ത മഴയുടെ ആനുകൂല്യത്തില്‍ കാലാവസ്ഥ മെച്ചപ്പെടും.ചൂട് ക്രമേണം കൂടുന്ന സ്ഥിതിയാണ് സംസ്ഥാനത്ത് അടുത്ത ഒരാഴ്ചയില്‍ പ്രതീക്ഷിക്കുന്നത്. കർണാടകയില്‍ വടക്കൻ, തെക്കൻ പ്രദേശങ്ങളില്‍ 1.6 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ വർദ്ധന ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ നിർജ്ജലീകരണത്തിനും, ക്ഷീണത്തിനുമെല്ലാം സാധ്യത കൂടുതലാണ്. മോര്, ഇളനീർ, നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കുന്നത് ഗുണകരമായിരിക്കും. അതെസമയം സോഡ പോലുള്ള പാനീയങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
കഴിഞ്ഞ പത്ത് വർഷത്തിനിടയില്‍ മാർച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ബെംഗളൂരുവിലെ പരമാവധി വേനല്‍ച്ചൂട് യഥാക്രമം 33.4 ഡിഗ്രി സെല്‍ഷ്യസ്, 34.1 ഡിഗ്രി സെല്‍ഷ്യസ്, 33.1 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ്. എന്നാല്‍ ഈ വർഷത്തില്‍ ഈ കണക്കുകളെ മറികടക്കുന്ന ചൂടായിരിക്കും അനുഭവപ്പെടുക എന്നാണ് വിവരം. ഈയാഴ്ച ബെംഗളൂരുവിലെ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണ്ട്.നഗരത്തിലെ ചൂട് കൂടുന്നതിന്റെ പ്രധാന കാരണം എല്‍ നിനോ പോലുള്ള ആഗോള പ്രതിഭാസങ്ങളാണ്. 2024 ലെ വേനലില്‍ 41 വർഷത്തിനിടെ ആദ്യമായി മണ്‍സൂണിനു മുമ്പുള്ള മഴ ബെംഗളൂരുവില്‍ പെയ്തിരുന്നില്ല. ഏപ്രിലില്‍ അവസാനമായി ബെംഗളൂരുവില്‍ മഴയില്ലാതെ വന്നച് 1983 ലായിരുന്നു.ഇതോടൊപ്പം നഗരത്തില്‍ ചുരുങ്ങുന്ന പച്ചപ്പ് ഒരു കാരണമാണ്. ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം മൂലം നഗരത്തിലെ ജലാശയങ്ങള്‍ ഇല്ലാതാകുന്നു. മരങ്ങള്‍ വളരെയേറെ കുറയുന്നു. ഇതിനെ ചെറുക്കാൻ നഗരത്തില്‍ മരങ്ങള്‍ നട്ടു വളർത്തുന്ന പദ്ധതിക്ക് തുടക്കമായിട്ടുണ്ട്.