ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള നിർണായക സമാധാന ചർച്ചകള്‍ക്കിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ ഫോണില്‍ വിളിച്ചത് ചർച്ചകള്‍ വഴിമുട്ടാൻ കാരണമായതായി ഇറാൻ.പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടന്ന 21 മണിക്കൂർ നീണ്ട ചർച്ചകള്‍ക്കൊടുവില്‍ ധാരണയാകാതെ ജെഡി വാൻസും സംഘവും മടങ്ങിയതിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചിയുടെ ആരോപണം. നെതന്യാഹുവിന്റെ ഇടപെടലോടെ അമേരിക്കയുടെ ശ്രദ്ധ ഇസ്രയേല്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലായി. യുദ്ധത്തിലൂടെ നേടാൻ കഴിയാത്തത് ചർച്ചയിലൂടെ നേടിയെടുക്കാനാണ് അമേരിക്ക ശ്രമിച്ചതെന്നും ഇറാൻ വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി.
ഇസ്ലാമാബാദിലെ ചർച്ചകളില്‍ ഇറാൻ തികഞ്ഞ ആത്മാർത്ഥതയോടെയാണ് പങ്കെടുത്തതെന്ന് അരഗ്ചി പറഞ്ഞു. എന്നാല്‍ ചർച്ചകള്‍ക്ക് ശേഷം വാൻസ് നടത്തിയ പത്രസമ്മേളനം അനാവശ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ താല്പര്യങ്ങളും പരമാധികാരവും സംരക്ഷിക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും അബ്ബാസ് അരഗ്ചി വ്യക്തമാക്കി. അതേസമയം, നെതന്യാഹു വാൻസിനെ വിളിച്ചെന്ന ആരോപണത്തില്‍ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.നിലവില്‍ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ താല്ക്കാലിക വെടിനിർത്തല്‍ അവസാനിക്കാൻ ഇനി ഒമ്പത് ദിവസം മാത്രമേയുള്ളൂ. ഇസ്ലാമാബാദില്‍ അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിക്കാൻ കഴിയാത്തവയാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതി പൂർണ്ണമായും നിർത്തലാക്കണമെന്നും നിലവിലുള്ള യുറേനിയം ശേഖരം കൈമാറണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
ഇത് അമേരിക്കയുടെ അവസാനത്തെയും മികച്ചതുമായ വാഗ്ദാനമാണെന്ന് വാൻസ് വ്യക്തമാക്കിയെങ്കിലും ഇറാൻ അത് നിരസിക്കുകയായിരുന്നു.ചർച്ചകള്‍ പരാജയപ്പെട്ടതോടെ ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. വെടിനിർത്തല്‍ പ്രഖ്യാപനത്തിന് മുമ്പ് ബാരലിന് 119 ഡോളറിലായിരുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വില, നയതന്ത്ര ചർച്ചകളെത്തുടർന്ന് 95 ഡോളറിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ പുതിയ സംഭവവികാസങ്ങളോടെ വില വീണ്ടും 100 ഡോളറിന് മുകളിലേക്ക് ഉയരുമെന്നാണ് സൂചന. നിലവിലെ പ്രതിസന്ധി അമേരിക്കയുടെ സഖ്യരാജ്യങ്ങള്‍ക്കിടയിലും ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. ഇറാന് എതിരായ സൈനിക നീക്കങ്ങള്‍ക്ക് തങ്ങളുടെ വ്യോമാതിർത്തിയോ ഭൂമിയോ വിട്ടുനല്‍കില്ലെന്ന് സ്പെയിനും ഇറ്റലിയും പരസ്യമായി പ്രഖ്യാപിച്ചു. ഇറാന്റെ കാര്യത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത നിലപാടുകളോട് സഹകരിക്കാൻ പല നാറ്റോ രാജ്യങ്ങളും തയ്യാറാകുന്നില്ല.