പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ വല്ലനയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന് നേരെ ഡി വൈ എഫ് ഐ പ്രവർത്തകരുടെ ആക്രമണമെന്ന് പരാതി.വല്ലനയിലെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റായ ഷാജി പി എച്ച് (64) ആണ് മർദ്ദനത്തിനിരയായത്. വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഷാജിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ആറന്മുളയിലെ യു ഡി എഫ് സ്ഥാനാർഥി അബിൻ വർക്കിയുടെ, വല്ലന ബൂത്തിലെ ഏജന്റായിരുന്നു ഷാജി. വോട്ടിംഗ് സമയത്തെ തർക്കങ്ങളുടെ തുടർച്ചയായാണ് ഡി വൈ എഫ് ഐയുടെ ആക്രമണമെന്നാണ് കോണ്‍ഗ്രസ് പ്രവർത്തകർ പറയുന്നത്. സി സി ടി വി ദൃശ്യങ്ങളടക്കമാണ് കോണ്‍ഗ്രസ് പ്രവർത്തകർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
വോട്ടെടുപ്പിനിടെ പലയിടത്തും സംഘർഷംഅതേസമയം സംസ്ഥാനത്ത് പലയിടത്തും വോട്ടെടുപ്പ് ദിവസം സംഘർഷങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുട വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്നിലാണ് ഏറ്റവും ഒടുവില്‍ സംഘർഷം റിപ്പോർട്ട് ചെയ്തത്. സംഘർഷത്തിനിടെ ബി ജെ പി ബൂത്ത് പ്രസിഡണ്ട് നടവരമ്ബ് കളത്തേരി വീട്ടില്‍ സുരേഷിന് ( 62 ) വയറ്റില്‍ കുത്തേറ്റു. പരിക്കേറ്റ സുരേഷിനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാർട്ടി പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബൂത്ത് കമ്മിറ്റി ഓഫീസില്‍ എത്തിയ സുരേഷിനെ നിരവധി കേസുകളിലെ പ്രതിയായ സലോഷ് എന്ന ആള് കത്തി കൊണ്ട് കുത്തുകയായിരുന്നു. സലോഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വ്യക്തിപരമായ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.