വാഷിംഗ്ടണ്‍: ഇറാൻ യുദ്ധം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ റഷ്യൻ എണ്ണ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് രാജ്യങ്ങള്‍ക്ക് അനുമതി നല്‍കി ട്രംപ് ഭരണകൂടം.2022 ഓഗസ്റ്റിന് ശേഷം ആദ്യമായി ബ്രെന്‍റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിയതോടെയാണ് വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ അമേരിക്ക പുതിയ ലൈസൻസ് അനുവദിച്ചത്.

നിലവില്‍ കടലില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണക്കപ്പലുകള്‍ വാങ്ങുന്നതിനായി രാജ്യങ്ങള്‍ക്ക് താല്‍ക്കാലിക അനുമതി നല്‍കുകയാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് അറിയിച്ചു.നിലവിലുള്ള എണ്ണലഭ്യത ഉറപ്പാക്കാനായി എടുത്ത ഹ്രസ്വകാല നടപടി മാത്രമാണിതെന്ന് ട്രഷറി വകുപ്പ് വ്യക്തമാക്കി. മാർച്ച 12നകം കപ്പലുകളില്‍ കയറ്റിയ റഷ്യൻ അസംസ്കൃത എണ്ണയ്ക്കോ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കോ മാത്രമാണ് ഈ ഇളവ് ബാധകമാകുക. ഏപ്രില്‍ 11 വരെയാണ് ഈ ലൈസൻസിന്‍റെ കാലാവധി. ഖനന വേളയില്‍ ഈടാക്കുന്ന നികുതിയിലൂടെയാണ് റഷ്യൻ സർക്കാരിന് പ്രധാന വരുമാനം ലഭിക്കുന്നതെന്നും അതിനാല്‍ കടലില്‍ എത്തിക്കഴിഞ്ഞ ഈ എണ്ണ വിറ്റഴിക്കുന്നത് റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കില്ലെന്നും സ്കോട്ട് ബെസന്‍റ് അവകാശപ്പെട്ടു.ഹോർമുസ് പ്രതിസന്ധിരണ്ടാം വാരത്തിലേക്ക് കടന്ന ഇറാൻ യുദ്ധത്തെത്തുടർന്ന് ലോകത്തെ അഞ്ചിലൊന്ന് എണ്ണ വിതരണം നടക്കുന്ന ഹോർമുസ് കടലിടുക്ക് നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. ഇതാണ് എണ്ണവില കുതിച്ചുയരാൻ കാരണമായത്. യുദ്ധം പെട്ടെന്ന് അവസാനിച്ചാല്‍ പോലും ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാനിടയില്ലെന്ന് സാമ്പത്തിക വിദഗ്ധരും നിരീക്ഷകരും മുന്നറിയിപ്പ് നല്‍കുന്നു. ഈ കടുത്ത ഊർജ്ജ പ്രതിസന്ധി മറികടക്കാനാണ് റഷ്യൻ എണ്ണയുടെ കാര്യത്തില്‍ അമേരിക്ക ഇപ്പോള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുന്നത്.