ടെഹ്റാൻ: കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയുടെ മകൻ മുജ്തബ അലി ഖമനെയിയെ ഇറാനിലെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തു.അയത്തൊള്ള അലി ഖമനെയിയുടെ രണ്ടാമത്തെ മകനാണ് 55-കാരനായ മുജ്തബ ഖമനെയി. പൊതുവേദികളിലോ ഔദ്യോഗിക പദവികളിലോ പ്രത്യക്ഷപ്പെടാതെ പതിറ്റാണ്ടുകളായി ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളില്‍ അതിശക്തമായ സ്വാധീനം ചെലുത്തിവരുന്ന വ്യക്തിയാണ് ഇദ്ദേഹം.

അയത്തൊള്ള അലി ഖമനെയിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്ന മുജ്തബ, ഭരണകൂട തീരുമാനങ്ങളിലെ അവസാന വാക്കായാണ് അറിയപ്പെടുന്നത്. ഇറാൻ വിപ്ലവ ഗാർഡുകളുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധമാണ് നിലവിലെ യുദ്ധസാഹചര്യത്തിനിടെ ഇദ്ദേഹത്തെ നേതൃസ്ഥാനത്തേക്ക് എത്തിക്കുന്നതില്‍ പ്രധാന ഘടകമായത്.യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് മുജ്തബയുടെ ഈ അധികാരലബ്ധി. 1979-ലെ വിപ്ലവത്തിന് ശേഷം ഇറാന്റെ പരമോന്നത പദവിയില്‍ സംഭവിക്കുന്ന ആദ്യത്തെ ‘കുടുംബവാഴ്ച’ എന്ന നിലയില്‍ ഈ നിയമനം രാജ്യത്തിനകത്തും പുറത്തും വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പാരമ്പര്യമായി മുതിർന്ന മതപണ്ഡിതന്മാരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കാറുള്ളത്.
ഇറാന്റെ പുതിയ പരമോന്നത നേതാവിനെ അംഗീകരിക്കില്ലെന്നും അമേരിക്കയ്ക്ക് താല്പര്യമുള്ള ഒരാളാകണം പരമോന്നത നേതാവാകേണ്ടതെന്നും യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ വേണ്ടെന്നായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ മറുപടി. അതേസമയം മേഖലയില്‍ സംഘർഷം തുടരുകയാണ്. ഒരു അമേരിക്കൻ സൈനികൻ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം ഏഴായി ഉയർന്നു. ഇറാൻ മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദിന് നേരെ വധശ്രമം നടന്നതായും, അദ്ദേഹം സുരക്ഷിതനാണെന്നും ഇറാനില്‍ നിന്ന് റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്. പശ്ചിമേഷ്യൻ മേഖലയിലെ യുദ്ധത്തിൻ്റെ ഗതി നിർണയിക്കുന്നതില്‍ മുജ്തബയുടെ നേതൃത്വം ചെലുത്തുന്ന സ്വാധീനം എന്തായിരിക്കുമെന്നാണ് ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്.