ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെ പാർട്ടിയിലെ ഉള്‍പ്പാർട്ടി നീക്കങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങളില്‍ നിന്ന് പരസ്യമായി അകലം പാലിച്ച് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍.എംഎല്‍എമാര്‍ അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ തന്റെ പേര് ഉപയോഗിക്കരുതെന്നും അഭ്യര്‍ഥിച്ചു.”എനിക്ക് വേണ്ടി ആരും സംസാരിക്കരുത്, ദയവായി അങ്ങനെ ചെയ്യരുത്”.

ശിവകുമാർ ബെംഗളൂരുവില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “നിങ്ങള്‍ക്ക് നിങ്ങളുടേതായ പ്രശ്നങ്ങളുണ്ടെങ്കില്‍, നിങ്ങള്‍ ഒരു എംഎല്‍എ ആണെങ്കില്‍ മന്ത്രിയാകാൻ ആഗ്രഹിക്കുന്നുവെങ്കില്‍, അധികാരം ആഗ്രഹിക്കുന്നുവെങ്കില്‍, അല്ലെങ്കില്‍ ചെയർമാൻ സ്ഥാനം ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ മുന്നോട്ടുപോവുക. പക്ഷേ ദയവായി എന്നെ അതിലേക്ക് വലിച്ചിഴക്കരുത്. ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.എംഎല്‍എമാരുടെ ഡല്‍ഹി സന്ദർശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് ശിവകുമാര്‍ നിലപാട് വ്യക്തമാക്കിയത്.
“എംഎല്‍എമാർ ഡല്‍ഹിയിലേക്കോ വിദേശത്തേക്കോ പോകുന്നതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല, ഞാൻ ഇതില്‍ ഇടപെടുകപോലുമില്ല,” അദ്ദേഹം പറഞ്ഞു.വിധി അനുകൂലമാണെങ്കില്‍ മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന സഹോദരൻ ഡി.കെ സുരേഷിന്റെ വാക്കുകളെ തള്ളിയ ശിവകുമാര്‍ “എല്ലാവരും പറയുന്നത് ഒന്നുതന്നെയാണ്. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല” എന്ന് തറപ്പിച്ചുപറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെ 139 എംഎല്‍എമാരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ നവംബർ 20 ന് കർണാടക സർക്കാർ രണ്ടര വർഷം പൂർത്തിയാക്കിയതോടെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലുള്ള അധികാര പങ്കിടല്‍ ഫോർമുല പ്രകാരം നേതൃമാറ്റത്തിനായി സമ്മർദ്ദം ചെലുത്താൻ ഡി.കെയുടെ ക്യാമ്പില്‍ നിന്നുള്ള എംഎല്‍എമാർ കോണ്‍ഗ്രസ് ഹൈക്കമാൻഡിനെ കണ്ടുവെന്നാണ് റിപ്പോര്‍ട്ട്.