ബെംഗളൂരു: സഞ്ചാരികള്‍ക്ക് സന്തോഷവാർത്ത, ബന്ദിപ്പുർ, നാഗർഹോളെ വന്യജീവി സങ്കേതങ്ങളിലൂടെയുള്ള സഫാരി പ്രവർത്തനങ്ങള്‍ വീണ്ടും പുനരാരംഭിക്കും.കടുവകളുടെ ആക്രമണം രൂക്ഷമായതോടെ 100 ദിവസത്തിലേറെയായി നിർത്തിവച്ച ബന്ദിപ്പുർ, നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ സഫാരി പ്രവർത്തനങ്ങളാണ് വീണ്ടും പുനരാരംഭിക്കുക. എന്നാല്‍, സമയക്രമത്തില്‍ മാറ്റമുണ്ട്.നേരത്തെ സഫാരികള്‍ എട്ട് മണിക്കൂർ പ്രവർത്തിച്ചിരുന്നത് ഇപ്പോള്‍ അഞ്ച് മണിക്കൂറായി ചുരുക്കിയെന്നതാണ് പ്രധാന തീരുമാനം. വിദഗ്ധ സമിതി ബുധനാഴ്ച റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്ന് ബന്ദിപ്പുർ, നാഗർഹോളെ വന്യജീവി സങ്കേതങ്ങളിലെ സഫാരി പ്രവർത്തനങ്ങള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഈശ്വർ ഖന്ദ്രെ അറിയിച്ചു. ബന്ദിപ്പുർ, നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്രങ്ങളിലെയും സഫാരിയുടെ തോത് പഠിക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ ജനുവരിയില്‍ കർണാടക സംസ്ഥാന വന്യജീവി ബോർഡ് ശുപാർശ ചെയ്തിരുന്നു.വനം വകുപ്പ് ഉദ്യോഗസ്ഥർ, ഡെറാഡൂണിലെ വൈല്‍ഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഒരു വിദഗ്ധൻ, ഭോപ്പാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റിലെ പ്രൊഫസർ എന്നിവർ ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയാണ് ബന്ദിപ്പുർ, നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ സഫാരി സംബന്ധിച്ച് പഠനം നടത്തിയത്. ഇവർ സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നിരോധനം നീക്കാൻ ഞങ്ങള്‍ തീരുമാനിച്ചത്. സഫാരി യാത്രകളുടെ എണ്ണം കുറച്ചുകൊണ്ട് സഫാരി പുനരാരംഭിക്കുമെന്ന് മന്ത്രി ഈശ്വർ ഖന്ദ്രെ അറിയിച്ചു. സഫാരികള്‍ എട്ട് മണിക്കൂർ പ്രവർത്തിച്ചിരുന്നു. ഇനിയത് അഞ്ച് മണിക്കൂറായി ചുരുക്കിയെന്ന് മന്ത്രി അറിയിച്ചു.അതുപോലെ സുങ്കടകട്ടെയില്‍ സഫാരി ആറ് മണിക്കൂർ മാത്രമേ അനുവദിക്കൂ. നാഗരഹോളയില് ആദ്യ ഘട്ടത്തില്‍ നാല് മണിക്കൂർ മാത്രമേ അനുവദിക്കൂ. ആദ്യ ഘട്ടത്തില്‍ നവംബർ ഏഴിന് മുൻപ് ഉപയോഗത്തിലുണ്ടായിരുന്ന സഫാരി വാഹനങ്ങളുടെ 50 ശതമാനം മാത്രമേ പ്രവർത്തിപ്പിക്കൂ. വനപ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള ഗ്രാമങ്ങള്‍ക്ക് സമീപം പട്രോളിങ് വർധിപ്പിക്കുന്നതിന് ശേഷിക്കുന്ന വാഹനങ്ങളും ജീവനക്കാരും ഉപയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു.അടുത്ത രണ്ട് മാസത്തിനുള്ളില്‍ എല്ലാ സഫാരി വാഹനങ്ങളിലും ജിപിഎസ് ട്രാക്കിംഗ് സംവിധാനങ്ങളും ഡാഷ്ബോർഡ് കാമറകളും ഘടിപ്പിക്കുമെന്നും വാഹനങ്ങളുടെ ചലനം നിരീക്ഷിക്കാനും സഫാരി വാഹനങ്ങള്‍ നിശ്ചിത സമയത്തിനപ്പുറം ഓടുന്നില്ലെന്ന് ഉറപ്പാക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ആകെ വിസ്തീർണ്ണം 1,036 ചതുരശ്ര കിലോമീറ്ററാണ്, അതില്‍ 8% (ഏകദേശം 80 ചതുരശ്ര കിലോമീറ്റർ) മാത്രമാണ് ടൂറിസം മേഖല. അതുപോലെ, നാഗരഹോളയുടെ മൊത്തം വിസ്തീർണ്ണം 844 ചതുരശ്ര കിലോമീറ്ററാണ്. ഇക്കോ – ടൂറിസം മേഖല 63 ചതുരശ്ര കിലോമീറ്റർ (7.5%) മാത്രമാണ്. സഫാരി പ്രവർത്തനങ്ങള്‍ കാരണം കടുവകള്‍ വനമേഖലയില്‍ നിന്ന് പുറത്തുവന്ന് മനുഷ്യവാസ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നുവെന്ന് അവകാശപ്പെടുന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു” – എന്ന് മന്ത്രി ഈശ്വർ ഖന്ദ്രെ കൂട്ടിച്ചേർത്തു.ഇക്കോ – ടൂറിസത്തില്‍ നിന്ന് ലഭിക്കുന്ന മൊത്തം വരുമാനത്തിന്റെ മൂന്നിലൊന്ന് വനപ്രദേശങ്ങള്‍ക്ക് സമീപം താമസിക്കുന്നവരുടെ നൈപുണ്യ വികസനം, കന്നുകാലി തീറ്റ വളർത്തല്‍, പരിസ്ഥിതി വികസന പ്രവർത്തനങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കുമെന്നും . ഖന്ദ്രെ പറഞ്ഞു.