ബെംഗളൂരു: ‘ഇപ്പം പൊട്ടും’ എന്നു പേടിച്ച് മദ്യക്കുപ്പി കൊണ്ടുപോകുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത.മദ്യം ഉപയോഗിക്കാന്‍ പറ്റില്ലെങ്കിലും സീല്‍ ചെയ്ത മദ്യക്കുപ്പികള്‍ മെട്രോ ട്രെയിനില്‍ കൊണ്ടുപോകാനുള്ള അനുമതി നല്‍കാനൊരുങ്ങുകയാണ് ബെംഗളൂരു നമ്മ മെട്രോ അധികൃതര്‍. കുപ്പി പൊട്ടിക്കാന്‍ പാടില്ലെന്ന നിബന്ധന ഉണ്ടെങ്കിലും, മെട്രോ സ്റ്റേഷനിലെ സ്‌കാനിംഗ് മെഷീനില്‍ കുപ്പി കുടുങ്ങുമോ എന്ന പേടിയില്ലാതെ വീട്ടിലേക്ക് എത്തിക്കാം. ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അധികൃതര്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും തത്വത്തില്‍ ഇതിന് അംഗീകാരം ലഭിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.ഡല്‍ഹി മെട്രോയുടെ മാതൃക പിന്തുടരാനാണ് ബെംഗളൂരുവിലും ആലോചന നടക്കുന്നത്. ഡല്‍ഹി മെട്രോയുടെ വിമാനത്താവളത്തിലേക്കുള്ള പാതയിലാണ് മദ്യക്കുപ്പി കൊണ്ടുപോകാന്‍ അനുമതിയുള്ളത്. ഏകദേശം രണ്ട് വര്‍ഷത്തിനുള്ളില്‍ നമ്മ മെട്രോയുടെ വിമാനത്താവള പാത പ്രവര്‍ത്തനസജ്ജമാകുന്നതോടെ പുതിയ നിയമം നടപ്പാക്കാന്‍ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് മദ്യം കൈവശം വയ്ക്കുന്നത് പരിഗണിച്ചാണ് നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത്.നിലവില്‍ മെട്രോയില്‍ കൊണ്ടുപോകാന്‍ നിരോധിച്ചിട്ടുള്ള 58 വസ്തുക്കളുടെ പട്ടികയിലാണ് മദ്യത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കത്തുന്ന വസ്തുക്കളുടെ വിഭാഗത്തില്‍ മദ്യത്തെ പട്ടികപ്പെടുത്തിയിരിക്കുന്നതിനാല്‍ സുരക്ഷാ പരിശോധനയില്‍ ഇത് പിടിച്ചെടുക്കുന്നത് പതിവാണ്. എന്നാല്‍ സീല്‍ ചെയ്ത കുപ്പികള്‍ കൈവശം വെക്കുന്നത് മറ്റ് ലഗേജുകള്‍ പോലെ തന്നെ സുരക്ഷിതമാണെന്ന യാത്രക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥനയും ഫീഡ്ബാക്കും കണക്കിലെടുത്താണ് ഇപ്പോള്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ തയ്യാറാകുന്നത്. കുപ്പികള്‍ പൊട്ടിക്കാത്തതും സീല്‍ ചെയ്തതുമായിരിക്കണം എന്നതാണ് നിബന്ധന. മദ്യക്കുപ്പികള്‍ കൊണ്ടുപോകുന്നതിന് പ്രത്യേക ലൈസന്‍സിന്റെയോ അനുമതിയുടെയോ ആവശ്യമില്ലെന്നും അംഗീകാരം ലഭിച്ചാലുടന്‍ മെട്രോയുടെ ചട്ടങ്ങളില്‍ ഇത് ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.അതേസമയം ട്രെയിനിനുള്ളിലോ സ്റ്റേഷനിലോ മദ്യം കഴിക്കാനോ ഓവറായി മദ്യപിച്ച് പ്രവേശിക്കാനോ യാതൊരു അനുമതിയും ഉണ്ടായിരിക്കില്ലെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ മദ്യം കഴിച്ചവര്‍ക്ക് മെട്രോയില്‍ യാത്ര ചെയ്യാന്‍ അനുവാദമുണ്ടെങ്കിലും അത് അനുവദനീയമായ പരിധിക്കുള്ളിലായിരിക്കണം. യാത്രക്കാര്‍ മദ്യപിച്ച് മോശമായി പെരുമാറുകയോ സഹയാത്രികര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ബിഎംആര്‍സിഎല്‍ ഡയറക്ടര്‍ സുമിത് ഭട്‌നാഗര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മെട്രോയുടെ ബൈലോകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ശേഷമായിരിക്കും ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങുക.