ബെംഗളൂരു: നഗരത്തിന്റെയും കർണാടക സംസ്ഥാനത്തിന്റെയും വികസനം ഉറപ്പാക്കുന്ന പല പദ്ധതികളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.ഇപ്പോഴിതാ ദേവനഹള്ളിക്കടുത്ത് സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന മെഗാ കോച്ചിംഗ് ടെർമിനല്‍ ഇനി യെലഹങ്കയില്‍ നിർമ്മിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര റെയില്‍വേ സഹമന്ത്രി വി സോമണ്ണ. ഈ ടെർമിനലിനായുള്ള അന്തിമ ലൊക്കേഷൻ സർവേ റെയില്‍വേ ബോർഡ് അംഗീകരിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്.റെയില്‍ വീല്‍ ഫാക്‌ടറിക്ക് സമീപമാണ് പുതിയ ടെർമിനല്‍ നിർമ്മിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായുള്ള അന്തിമ ലൊക്കേഷൻ സർവേ അംഗീകരിച്ചതായി അധികൃതർ അറിയിച്ചു. നേരത്തെ, സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ നഗരത്തിലെ അഞ്ചാമത്തെ ടെർമിനലായി ദേവനഹള്ളിയില്‍ ഒന്ന് നിർമ്മിക്കാൻ നിർദ്ദേശിച്ചിരുന്നു. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം.എന്നാല്‍, 2025 ജൂണ്‍ 5-ന് ചേർന്ന യോഗത്തില്‍ ദേവനഹള്ളി നഗരത്തില്‍ നിന്ന് വളരെ അകലെയാണെന്നും മറ്റ് പല ഘടകങ്ങളും പരിഗണിച്ച് ഈ സ്ഥലം അനുയോജ്യമല്ലെന്നും തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ഇത് ഇപ്പോള്‍ യെലഹങ്കയിലേക്ക് മാറ്റിയത്. സമീപഭാവിയില്‍ നഗരത്തില്‍ നിന്ന് ആകെ 210 ട്രെയിനുകള്‍ പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, നിലവിലുള്ള ടെർമിനലുകള്‍ അവ കൈകാര്യം ചെയ്യാൻ മാത്രമുള്ള സൗകര്യമുള്ളവ അല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നീക്കം.അതേസമയം, നയണ്ടഹള്ളി സ്‌റ്റേഷനില്‍ നാല് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പരീക്ഷണാത്മകമായി സ്‌റ്റോപ്പുകള്‍ ഫ്ലാഗ് ഓഫ് ചെയ്‌തതിന് പിന്നാലെ ദീർഘകാലത്തെ ആവശ്യം നിറവേറ്റിയെന്നും, ഇത് വിദ്യാർത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഓഫീസ് ജീവനക്കാർക്കും വളരെയധികം പ്രയോജനകരമാകുമെന്നും സോമണ്ണ പ്രഖ്യാപിച്ചു.നയണ്ടഹള്ളിയിലെ അധിക സ്‌റ്റോപ്പ് മൈസൂരു-കെഎസ്‌ആർ ബെംഗളൂരു ചുമുണ്ഡി എക്‌സ്പ്രസ് (16215/16216), മൈസൂരു-ബാഗല്‍ക്കോട്ട് ബസവ എക്‌സ്പ്രസ് (17307/17308), തൂത്തുക്കുടി-മൈസൂരു എക്‌സ്പ്രസ് (16235/16236), മൈസൂരു-പാണ്ഡരപ്പൂർ ഗോല്‍ഗുംബസ് എക്‌സ്പ്രസ് (16535/16536) എന്നീ നാല് ജോഡി ട്രെയിനുകള്‍ക്ക് ലഭിക്കും.ഈ ബജറ്റില്‍ സംസ്ഥാനത്തെ റെയില്‍വേ പദ്ധതികള്‍ക്കായി 7748 കോടി രൂപ വകയിരുത്തിയതായും, നിലവില്‍ 52,950 കോടി രൂപയുടെ പദ്ധതികള്‍ സംസ്ഥാനത്തുട നീളം പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ബെംഗളൂരു കന്റോണ്‍മെന്റിനും വൈറ്റ്ഫീല്‍ഡിനും ഇടയിലുള്ള നാലുവരിപ്പാത പദ്ധതിയും അതിവേഗം മുന്നേറുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.മൈസൂരു-ബെംഗളൂരു റെയില്‍വേ പാതയിലെ തിരക്കും സുരക്ഷയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട്, 14.10 കോടി രൂപ ചെലവില്‍ പുനർനിർമ്മിച്ച വിജയനഗറിനും പാദരായണപുരയ്ക്കും ഇടയിലുള്ള റോഡ് ഓവർ ബ്രിഡ്‌ജ് (ആർഒബി) നമ്പർ 431ഉം മന്ത്രി ഈ സന്ദർശനത്തില്‍ ഉദ്‌ഘാടനം ചെയ്‌തുവെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.