ബെംഗളൂരു : തിരക്കേറിയ നഗരം. എങ്ങും ചീറിപ്പായുന്ന വണ്ടികൾ… എന്നാൽ, വിദേശ സഞ്ചാരിയായ പാബ്ലോ ഗാർഷ്യയുടെ കണ്ണുകൾ ഉടക്കിയത് ആ കാഴ്ചയിലേക്കാണ്. ഓട്ടോറിക്ഷയിൽ സമാധാനമായി യാത്ര ചെയ്യുന്ന ഒരു പശുക്കിടാവ്. ഓട്ടോയിൽ നഗരത്തിലൂടെ യാത്ര ചെയ്യുമ്പോഴാണ് പാബ്ലോ ഗാർഷ്യ തൻറെ സമീപത്തു കൂടി പോകുന്ന മറ്റൊരു ഓട്ടോ ശ്രദ്ധിച്ചത്. ആ ഓട്ടോറിക്ഷ ഗതാഗത കുരുക്കുകൾക്ക് ഇടയിലൂടെ മുന്നോട്ടു സഞ്ചരിക്കുകയാണ്. അതിനുള്ളിൽ ഒരു പശുക്കിടാവ് സാധാരണ യാത്രക്കാരനെ പോലെ ശാന്തമായി ഇരിക്കുന്നു. വിദേശ സഞ്ചാരിയായ പാബ്ലോയ്ക്ക് ഈ ദൃശ്യങ്ങൾ തികച്ചും അപ്രതീക്ഷിതമായിരുന്നു. വീഡിയോ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ശേഷം പാബ്ലോ ഗാർഷ്യ ഇങ്ങനെ എഴുതി- ‘ഇന്ത്യയിലെ അത്ഭുതങ്ങളിൽ ഒന്ന്’.
എന്തായാലും, രസകരമായ ഈ വീഡിയോ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ ഏറ്റെടുത്തത്. ദൃശ്യങ്ങൾ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ 40000 -ൽ അധികം ആളുകൾ ഇത് കണ്ടു. ഇത്തരം അസാധാരണവും എന്നാൽ രസകരവുമായ സംഭവങ്ങൾ ഇന്ത്യയിൽ പലയിടത്തും കാണാൻ സാധിക്കും. ഇവിടുത്തെ സാധാരണ ജീവിതത്തിൻറെ ഭാഗമാണിതെന്ന് ദൃശ്യങ്ങൾ കണ്ട് പലരും ഓർമ്മിപ്പിച്ചു. ചിലർ രാജ്യത്തുടനീളമുള്ള യാത്രകളിൽ നിന്നുള്ള സമാനമായ അനുഭവങ്ങളും പങ്കുവെച്ചു.