കണ്ണൂര്‍: മലബാറിന്റെ സ്വപ്ന പദ്ധതിയായ തലശേരി – മൈസൂര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാകാന്‍ ഇനി ഏക വെല്ലുവിളി കര്‍ണാടക സര്‍ക്കാരിന്റെ അനുമതിയാണ്. പാത വന്നാല്‍ വനപ്രദേശം നശിപ്പിക്കപ്പെടുമെന്നും വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടമാകുമെന്നും ചൂണ്ടിക്കാട്ടി കര്‍ണാടകയിലെ പരിസ്ഥിതിവാദികള്‍ പദ്ധതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇതാണ് പാത യാഥാര്‍ത്ഥ്യമാകാനുള്ള തടസം. ഇതിന് പരിഹാരം ഉണ്ടായാല്‍ കബനി നദിക്കടിയിലൂടെ 11.5കിലോ മീറ്റര്‍ നീളത്തിലുള്ള ടണല്‍ വഴി തലശ്ശേരിയില്‍ നിന്ന് 206 കിലോമീറ്റര്‍ ദൂരത്തില്‍ 4 മണിക്കൂറിനുള്ളില്‍ മൈസൂരിലെത്താം.
നേരത്തേ തലശ്ശേരി കൂത്തുപറമ്ബ് മാനന്തവാടി, കുട്ട വഴിയായിരുന്നു റെയില്‍പാത വിഭാവനം ചെയ്തിരുന്നത്. കര്‍ണാടക അതിര്‍ത്തിയിലെ കാപ്പിത്തോട്ടം ഉടമകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നദിക്കടിയിലൂടെ പാത ആലോചിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കാട്, വയനാട്, ജില്ലകളിലുളളവര്‍ക്ക് മൈസൂരിലും ബാംഗ്ലൂരിലും എത്താന്‍ എളുപ്പമായിരിക്കും പുതിയ റൂട്ട്. ചെലവും കുറയും. മംഗലാപുരം – ബംഗളുരു പാതയിലെ ചരക്ക് നീക്കം ശേഷി കവിഞ്ഞതിനാല്‍ അധിക ചരക്ക് നീക്കം പുതിയ പാതവഴിയാക്കാം. ഇപ്പോള്‍ വനമേഖലയിലൂടെ രാത്രി യാത്രയ്ക്ക് തടസമുള്ളതിനാല്‍ കാറുകളും മറ്രുവാഹനങ്ങളും പുതിയ റൂട്ടില്‍ ട്രെയിനില്‍ കൊണ്ടുപോകുന്നതും പരിഗണിക്കുന്നുണ്ട്
114 വര്‍ഷങ്ങളായി മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ സ്വപ്നം കണ്ട് കൊണ്ടിരിക്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് ആണ് രൂപകല്പന ചെയ്തത്. നിലവില്‍, യശ്വന്ത്പുര ട്രെയിനില്‍ കണ്ണൂര്‍ – മംഗലാപുരം – ഹാസ്സന്‍ സുബ്രഹ്മണ്യപുര വഴി മൈസൂരിലേക്കായാലും കണ്ണൂര്‍- കോഴിക്കോട് – ഷൊര്‍ണൂര്‍ – പാലക്കാട് – കോയമ്ബത്തൂര്‍ – ഈറോഡ് – സേലം- ധര്‍മ്മപുരി – ഹൊസൂര്‍ – ബാംഗ്ലൂര്‍ വഴി മൈസൂരിലേക്കായാലും 15 മണിക്കൂറിലേറെയാണ് യാത്രാസമയം. തിരുവനന്തപുരത്ത് നിന്നുള്ള യാത്രക്കാരനായാലും കണ്ണൂരില്‍ നിന്നുള്ള യാത്രക്കാരനായാലും ഷൊര്‍ണൂര്‍ വഴി മൈസൂരിലെത്താന്‍ 600 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം. 10 മണിക്കൂറിലേറെ ദൂരം ഷൊര്‍ണൂരില്‍ നിന്ന് യാത്ര ചെയ്യുകയും വേണം. എന്നാല്‍, ഷൊര്‍ണൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് 154 കി.മീറ്റര്‍ മാത്രമാണ് ദൂരം. 3 മണിക്കൂര്‍ കൊണ്ട് ഷൊറണൂരില്‍ നിന്ന് തലശ്ശേരിയിലെത്താം. തലശ്ശേരിയില്‍ നിന്ന് മൈസൂരിലേക്ക് പരമാവധി 4 മണിക്കൂറാണ് കണക്കാക്കുന്നത്. അപ്പോള്‍, ആകെ ഏഴ് മണിക്കൂര്‍ കൊണ്ട് ഷൊര്‍ണൂരില്‍ നിന്ന് ഒരു യാത്രക്കാരന് മൈസൂരിലെത്തിച്ചേരാന് സാധിക്കും. അതുപോലെ കോഴിക്കോട് നിന്നുള്ള യാത്രക്കാരനാണെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് തലശ്ശേരിയിലും മൊത്തം അഞ്ച് മണിക്കൂര്‍ സമയം കൊണ്ട് മൈസൂരിലും എത്താന്‍ സാധിക്കും. മാത്രമല്ല, കൊങ്കണ്‍ റൂട്ടില്‍ നിലവില്‍ ഒറ്റവരി റെയില്‍ പാതയാണുള്ളത്. ഗോവ, മുംബയ്, ഡല്‍ഹി, തുടങ്ങിയ സ്ഥലങ്ങളിലേക്ക് വേഗത്തിലെത്താന്‍ മലബാറിലുള്ളവര്‍ ഈ റൂട്ടിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ മണ്‍സൂണ്‍ സീസണില്‍ മണ്ണിടിച്ചിലും മറ്റും കാരണം ട്രെയിനുകള്‍ വൈകിയോടുന്നതും പലതും റദ്ദാക്കേണ്ടി വരുന്നതും പതിവാണ്. തലശ്ശേരി-മൈസൂര്‍ പാത യാഥാര്‍ത്ഥ്യമായാല്‍ ഇതിനും പരിഹാരമാവും
കേരളത്തില്‍ ഷൊര്‍ണൂര്‍ കഴിഞ്ഞാല്‍, റെയില്‍വേയ്ക്ക് ഏറ്റവും കൂടുതല്‍ സ്ഥലമുള്ളത് തലശ്ശേരിയിലാണ്. 50 ഏക്കര്‍ സ്ഥലമാണ് റെയില്‍വേയ്ക്ക് ഇവിടെ സ്വന്തമായുള്ളത്. സ്വാഭാവികമായും തലശ്ശേരി റെയില്‍വേ സ്റ്റേഷന് ഒരു ജംഗ്ഷനായി മാറും. അതിനാല്‍ മലബാറില്‍ നിന്നുള്ള ദീര്‍ഘ ദൂര ട്രെയിനുകള്‍ക്ക് തലശ്ശേരി വഴി മൈസൂരിലെത്താനും അവിടെ നിന്ന് ഇഷ്ടാനുസരണം സര്‍വീസ് നടത്താനും സാധിക്കും.
പുതിയ പാത
- തലശ്ശേരി- മൈസൂരു 207 കിലോമീറ്റര്‍
- റൂട്ട്: മാനന്തവാടി, കേണിച്ചിറ, പുല്‍പ്പള്ളി വഴി
- കബനീ നദിക്കടിയില്‍ 11.5 കിലോ മീറ്രര്‍ ടണല്‍
- ടണല്‍ നിര്‍മ്മിക്കാന്‍ 1200 കോടി
- റെയില്‍ പാതയ്ക്ക് 6,000 കോടി
- ഭൂമിയേറ്റെടുക്കാന്‍ ചെലവ് പുറമേ
- 10 -15 കിലോമീറ്റര്‍ ഇടവിട്ട് സ്റ്റേഷനുകള്‍
- തലശേരി മൈസൂരു ഏകദേശം 5 മണിക്കൂര്‍
- മൈസുരു – ബംഗളുരു മൂന്ന് മണിക്കൂര്‍
- കോഴിക്കോട്- തലശേരി – ബംഗളുരു 9 മണിക്കൂര്‍
- ഇപ്പോള്‍ തലശേരി – കോഴിക്കോട് – ഷൊര്‍ണൂര്‍ – ബംഗളുരു 15 മണിക്കൂര്‍