തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ മഴ കനക്കാൻ സാധ്യത. തുടർന്ന് എല്ലാ ജില്ലകളിലും കാലാവസ്ഥ കേന്ദ്രം മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളില്‍ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 5 ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്.തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്നാട് തീരത്തിന് സമീപം തെക്ക് പടിഞ്ഞാറാൻ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു. വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങുന്നതിനിടെ, തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങള്‍ക്കു സമീപം തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാനുള്ള സാധ്യതയുണ്ട്. ഇത് വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിലൂടെ നീങ്ങാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരും. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.