കാമുകിയെ വിവാഹം കഴിക്കാൻ കയ്യില്‍ പണമില്ലാത്തതിനാല്‍ ബന്ധുവിന്റെ വീട്ടില്‍ നിന്നും പണവും സ്വർണവും കവർന്ന് യുവാവ്.വിവാഹം നടത്താൻ ആവശ്യമായ പണം തന്റെ കയ്യിലില്ലാത്തതിനെത്തുടർന്നായിരുന്നു മോഷണം നടത്താൻ യുവാവ് തീരുമാനിച്ചത്. സംഭവത്തില്‍ ബെംഗളൂരു സ്വദേശിയായ ശ്രേയസ് (22) എന്ന യുവാവാണ് അറസ്റ്റിലായത്. 47 ലക്ഷത്തിന്റെ സ്വർണവും പണവുമാണ് ഇയാള്‍ ബന്ധുവിന്റെ വീട്ടില്‍ നിന്നും കവർന്നത്.നാല് വര്‍ഷമായി ശ്രേയസ് ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു.
വിവാഹിതരാകാന്‍ തീരുമാനിച്ച ഘട്ടത്തില്‍ കൈയില്‍ ആവശ്യത്തിന് പണമില്ലെന്നു വന്നതോടെയാണ് യുവാവ് മോഷണത്തിന് മുതിര്‍ന്നത്. ജോലി ചെയ്തിരുന്ന കടയുടെ ഉടമയും ബന്ധുവുമായ ഹരീഷിന്റെ വീട്ടിലാണ് ശ്രേയസ് മോഷണം നടത്തിയത്.ബന്ധുവിന്റെ വീട്ടില്‍ സ്വർണവും പണവും സൂക്ഷിച്ചിട്ടുള്ളതായി ശ്രേയസിന് അറിയാമായിരുന്നു. ഇതേതുടർന്ന് സെപ്റ്റംബര്‍ 15-ന് ഹരീഷിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ ശ്രേയസ് ഇവിടെയുണ്ടായിരുന്ന സ്വര്‍ണവും പണവും മോഷ്ടിക്കുകയായിരുന്നു.
ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ ബെംഗളൂരുവിലെ ഹെബ്ബഗോഡി പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ശ്രേയസിനെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന 416 ഗ്രാം സ്വര്‍ണവും 3.46 ലക്ഷം രൂപയും പോലീസ് പിടികൂടുകയും ചെയ്തു. പിടിച്ചെടുത്ത സ്വർണം 47 ലക്ഷം രൂപ വിലമതിക്കുന്നതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.