തിരുവനന്തപുരം: കേരളാ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന വ്യൂഹത്തിലേക്ക് പുതുതായി എത്തുന്ന വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങ് റദ്ദാക്കി ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. തിരുവനന്തപുരം കനകക്കുന്ന് പാലസ് പരിസരത്ത് വെച്ച് മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങാണ് ആരംഭിച്ചതിന് പിന്നാലെ തന്നെ റദ്ദാക്കുന്നതായി മന്ത്രി അറിയിച്ചത്. മന്ത്രിയുടെ നിര്‍ദേശം ഉദ്യോഗസ്ഥര്‍ പാലിക്കാത്തത് അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പരിപാടി റദ്ദാക്കുന്നതായി അറിയിച്ചത്.
പരിപാടി സംഘടിപ്പിക്കുന്നതില്‍ ചുമതലയുള്ള സംഘാടകര്‍ക്ക് വീഴചയുണ്ടായെന്നും ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കുമെന്നുമാണ് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വി.കെ.പ്രശാന്ത് എംഎല്‍എയോടും മാധ്യമപ്രവര്‍ത്തകരോടും അതിഥികളോടും ക്ഷമ ചോദിക്കുന്നതായി അറിയിച്ചാണ് അദ്ദേഹം ഫ്ളാഗ് ഓഫ് പരിപാടി റദ്ദാക്കിയ വിവരം അറിയിച്ചത്.
ഫ്ളാഗ് ഓഫ് ചെയ്യേണ്ട വാഹനങ്ങള്‍ പാലസിന് മുന്നിലേക്ക് കയറ്റി നിര്‍ത്തണമെന്ന് മന്ത്രി നേരത്തെ തന്നെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, സംഘാടകര്‍ ഇത് അനുസരിക്കാന്‍ തയാറായില്ല. വി.കെ.പ്രശാന്ത് എംഎല്‍എയുടെ പ്രസംഗം കഴിഞ്ഞതിന് പിന്നാലെ മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും പരിപാടി റദ്ദാക്കിയതായി അറിയിച്ച് മടങ്ങി പോകുകയുമായിരുന്നു. അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഡോ.പി.എസ്.പ്രമോജ് ശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അതിഥികളുടെ പട്ടികയിലുണ്ടായിരുന്നു.
പരിപാടിയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കുറവായിരുന്നതും മന്ത്രിയെ ചൊടിപ്പിച്ചിരുന്നു. വളരെ കുറച്ചു കസേരകള്‍ മാത്രമാണ് വേദിയില്‍ ഉണ്ടായിരുന്നത്. കെഎസ്ആര്‍ടിസിയാണ് ഒരു പരിപാടി വെച്ചിരുന്നതെങ്കില്‍ എല്ലാവരും എത്തിയേനെ. നിലവില്‍ ഇവിടെയുള്ളത് തന്റെ പാര്‍ട്ടിക്കാരും കുറച്ച് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരും മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. പാലസിനു മുന്നിലെ ടൈല്‍ പൊട്ടിപ്പോകും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ അകത്തേക്ക് ആദ്യം കയറ്റി ഇടാത്തത്. മന്ത്രിയെത്തിയതിനുശേഷം ആണ് ഓരോ വാഹനങ്ങള്‍ ആയി കൊട്ടാരത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. കുറച്ചുനേരം ജീവനക്കാരോട് നീരസം പ്രകടിപ്പിച്ച ശേഷം പരിപാടി റദ്ദാക്കിയതായി മന്ത്രി അറിയിക്കുകയായിരുന്നു.
മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന വ്യൂഹത്തിലേക്ക് എത്തിയ വാഹനങ്ങളുടെ ഫ്ളാഗ്ഓഫ് കര്‍മ്മം വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ നിര്‍വഹിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ ആര്‍ടി ഓഫീസുകളിലേക്കും മറ്റുമായി 52 പുതിയ വാഹനങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പിലേക്ക് എത്തിയിരിക്കുന്നത്. മഹീന്ദ്രയുടെ ബൊലേറൊ എസ്യുവിയാണ് പുതുതായി എത്തിയിട്ടുള്ള വാഹനങ്ങളെന്നാണ് വിവരം.
മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് കണ്ണൂര്‍, മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വാഹനം സ്വീകരിക്കുന്നതിനായി ഇന്നലെ രാത്രിയോടെ തന്നെ തലസ്ഥാനത്ത് എത്തിയിരുന്നു. ഇതിനുശേഷം ഇവര്‍ക്കുള്ള വാഹനവും അനുവദിച്ചിരുന്നു. എന്നാല്‍, ഫ്ളാഗ് ഓഫ് നിര്‍വഹിക്കാതെ മന്ത്രി പിണങ്ങി പോയതോടെ വാഹനവുമായി തിരിച്ച് വരാനിരുന്ന ഉദ്യോഗസ്ഥരാണ് പുലിവാല് പിടിച്ചിരിക്കുന്നത്. വാഹനങ്ങള്‍ ആനയറയിലെ യാര്‍ഡിലേക്ക് മാറ്റാനാണ് തീരുമാനം.