Home കർണാടക ‘നല്ല ടൈറ്റ് ആണ്; ജീവിക്കാൻ തികയുന്നില്ല’; ഒരു കൊല്ലം 96 ലക്ഷം രൂപ കിട്ടിയിട്ടും മാസാവസാനം കയ്യില്‍ പണമില്ലെന്ന് ബെംഗളൂരു ടെക്കി

‘നല്ല ടൈറ്റ് ആണ്; ജീവിക്കാൻ തികയുന്നില്ല’; ഒരു കൊല്ലം 96 ലക്ഷം രൂപ കിട്ടിയിട്ടും മാസാവസാനം കയ്യില്‍ പണമില്ലെന്ന് ബെംഗളൂരു ടെക്കി

by ടാർസ്യുസ്

പ്രതിമാസം 3.5 ലക്ഷം രൂപ ശമ്പളം ലഭിച്ചിട്ടും ഭാവിക്കായി കാര്യമായൊന്നും സമ്പാദിക്കാൻ കഴിയുന്നില്ലെന്ന ബെംഗളൂരു സ്വദേശിയായ ഐടി ജീവനക്കാരന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നു.എല്ലാ ചെലവുകളും കഴിഞ്ഞാല്‍ മാസാവസാനം 50,000 രൂപയില്‍ കൂടുതല്‍ മാറ്റിവെക്കാൻ തനിക്ക് കഴിയുന്നില്ലെന്നാണ് 34-കാരനായ സോഫ്റ്റ്‌വെയർ പ്രൊഫഷണല്‍ റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ കാരണം സാമ്പത്തിക ഭദ്രതയെക്കുറിച്ച്‌ തനിക്ക് ആശങ്കയുണ്ടെന്നും ഇയാള്‍ പറയുന്നു.തന്റെ നാല് വയസ്സുള്ള ഇരട്ടപ്പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ബെംഗളൂരുവിലാണ് ഇയാള്‍ താമസിക്കുന്നത്.

വാർഷിക പാക്കേജ് 96 ലക്ഷം രൂപയാണെങ്കിലും ഇതില്‍ 35 ലക്ഷം രൂപയും ഒരു സ്റ്റാർട്ടപ്പില്‍ നിന്നുള്ള ഇസോപ്സ് (ഓഹരികള്‍) ആയതിനാല്‍ ഇത് സ്ഥിരവരുമാനമായി കണക്കാക്കാൻ കഴിയില്ലെന്ന് ഇയാള്‍ പറയുന്നു. നികുതിയെല്ലാം കഴിഞ്ഞ് 3.5 ലക്ഷം രൂപയാണ് പ്രതിമാസം ഇയാള്‍ക്ക് കൈയില്‍ ലഭിക്കുന്നത്.തന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് ലോണുകള്‍ക്കും കുട്ടികളുടെ പരിചരണത്തിനുമായാണ് ചെലവാകുന്നത്. മാസച്ചെലവുകളില്‍ 80,000 രൂപ ഹൗസിങ് ലോണ്‍ ഇഎംഐ ഇനത്തിലും 30,000 രൂപ കാർ ലോണ്‍ ഇനത്തിലും മാറ്റിവെക്കണം. കുട്ടികളുടെ പ്രിസ്‌കൂള്‍, ഡേകെയർ ഫീസുകള്‍ക്കായി 50,000 രൂപയും കെയർടേക്കർക്കായി 40,000 രൂപയും ചെലവാകുന്നുണ്ട്. ഇതിനുപുറമെ യാത്രകള്‍ക്കും കുടുംബസന്ദർശനങ്ങള്‍ക്കുമായി 40,000 രൂപയും പലചരക്ക് സാധനങ്ങള്‍ക്ക് 20,000 രൂപയും കറന്റ് ബില്ലും മറ്റ് വീട്ടുചെലവുകള്‍ക്കുമായി 15,000 രൂപയും വേണം. ജിം, പ്രോട്ടീൻ സപ്ലിമെന്റുകള്‍ക്കായി 8,000 രൂപയും വീട്ടുജോലി, പാചകം എന്നിവയ്ക്കായി 6,000 രൂപയും ഇയാള്‍ക്ക് പ്രതിമാസം ചെലവുണ്ട്.നിലവില്‍ മൂന്ന് കോടി രൂപയുടെ ആസ്തിയുണ്ടെങ്കിലും പ്രതിവർഷം നാല് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ മാത്രമാണ് അതിലേക്ക് കൂട്ടിച്ചേർക്കാൻ കഴിയുന്നത്.

ജോലി സുരക്ഷിതത്വമില്ലായ്മയും മാനസിക സമ്മർദ്ദവും തന്നെ അലട്ടുന്നുണ്ടെന്നും പ്രതിമാസ സമ്പാദ്യം 1.2 ലക്ഷത്തിന് മുകളിലേക്ക് ഉയർത്താൻ എന്താണ് വഴിയെന്നുമാണ് ഇയാള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളോട് ചോദിക്കുന്നത്.പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വ്യത്യസ്തമായ പ്രതികരണങ്ങളാണ് ഇതിന് ലഭിക്കുന്നത്. ഇതൊരു വ്യാജ പോസ്റ്റാണെന്നും ശ്രദ്ധപിടിച്ചുപറ്റാൻ ഇട്ടതാണെന്നും ചിലർ വിമർശിക്കുമ്പോള്‍, ഹൗസിങ് ലോണ്‍ അടയ്ക്കുന്നത് ഒരു നിക്ഷേപമായതിനാല്‍ സാങ്കേതികമായി ഇയാള്‍ നല്ലൊരു തുക സമ്പാദിക്കുന്നുണ്ടെന്നാണ് മറ്റുചിലരുടെ വിലയിരുത്തല്‍. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് കുറഞ്ഞ മറ്റ് നഗരങ്ങളിലേക്ക് മാറി താമസിക്കാനും വർക്ക് ഫ്രം ഹോം രീതി തിരഞ്ഞെടുക്കാനും ചിലർ നിർദ്ദേശിക്കുന്നുണ്ട്. കുട്ടികളെ ഒറ്റയ്ക്ക് വളർത്തുന്നത് പ്രയാസകരമായതിനാല്‍ ജീവിതത്തിലൊരു പങ്കാളിയെ കണ്ടെത്താൻ ശ്രമിക്കണമെന്നും ഉപയോക്താക്കള്‍ കമന്റ് ചെയ്യുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group