ധര്‍മസ്ഥലയിലെ ക്രൂരതകള്‍ റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തി മലയാളിയായ ലോറി ഡ്രൈവര്‍. ധര്‍മസ്ഥല സുബ്രമണ്യം റോഡില്‍ പെണ്‍കുട്ടിയെ പൂര്‍ണനഗ്നയാക്കി നാല്‍വര്‍ സംഘം ഓടിച്ചതിന് ദൃക്സാക്ഷിയാണെന്നാണ് ഡ്രൈവറുടെ വെളിപ്പെടുത്തല്‍.പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുളള പെണ്‍കുട്ടിയുടെ ദേഹത്തുടനീളം രക്തക്കറയുണ്ടായിരുന്നു. പിന്നാലെ ഇന്‍ഡിക കാറിലെത്തിയ നാലുപേര്‍ തന്നെ ഭീഷണിപ്പെടുത്തി വാഹനമെടുത്ത് പോകാന്‍ പറഞ്ഞെന്നും ലോറി ഡ്രൈവര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 2009-2010 കാലത്ത് നടന്ന സംഭവത്തില്‍ അതേ പെണ്‍കുട്ടിയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നും ഡ്രൈവര്‍ വെളിപ്പെടുത്തി.
‘ലോഡ് എടുക്കാനായി ആ റോഡിലൂടെ വരുമ്ബോഴാണ് ഞാന്‍ മൃതശരീരം കണ്ടത്. അതിന് മൂന്നുദിവസം മുന്‍പ് ഞാന്‍ ആ പെണ്‍കുട്ടിയെ അതേ റോഡില്‍ കണ്ടിരുന്നു. അന്ന് ആദ്യത്തെ ട്രിപ്പ് ലോഡെടുക്കാന്‍ പോകുമ്ബോള്‍ പുലര്‍ച്ചെ നാലുമണിയോടെ ഈ പെണ്‍കുട്ടിയെ ധര്‍മസ്ഥല ഭാഗത്തുനിന്നും ഓടിവരുന്നതായി കണ്ടു. അവിടെനിന്നും ക്ഷേത്രത്തിലേക്ക് ഒരുകിലോമീറ്റര്‍ ദൂരമേയുളളു. പൂര്‍ണനഗ്നയായിരുന്നു പെണ്‍കുട്ടി. മുഖത്തും ശരീരത്തുമെല്ലാം രക്തം കട്ടയായ മുറിവുകളുണ്ടായിരുന്നു. വണ്ടി നിര്‍ത്തി ഞാന്‍ കാര്യം അന്വേഷിച്ചു.
അപ്പോഴേക്കും കാറില്‍ നാലു യുവാക്കള്‍ വന്നു. വെളുത്ത മുണ്ടും ഷാളും ധരിച്ച നാലുപേര്‍. നാലുപേരും ക്ലീന്‍ ഷേവായിരുന്നു. മഞ്ഞ കളര്‍ കാറായിരുന്നു. എന്നോട് എന്താ ഇറങ്ങിയേ എന്ന് ചോദിച്ചു. കന്നഡ, തുളു ഭാഷയിലാണ് അവര്‍ സംസാരിച്ചത്. പെണ്‍കുട്ടി ഓടിയതിന്റെ എതിര്‍ദിശയാണ് ഞാനവര്‍ക്ക് കാണിച്ചുകൊടുത്തത്. എന്നോട് ഇവിടെ നില്‍ക്കണ്ട പോടാ എന്ന് അവര്‍ ആക്രോശിച്ചു. ഇത് ഏത് കോടതിയില്‍ വേണമെങ്കിലും വെളിപ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്.’- ലോറി ഡ്രൈവര്‍ പറഞ്ഞു.
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹം കത്തിക്കുകയും കുഴിച്ചുമൂടുകയും ചെയ്തിട്ടുണ്ടെന്ന മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിനു പിന്നാലെ നിരവധി പേരാണ് ധർമസ്ഥലക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തുന്നത്.1998-നും 2014- നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്നാണ് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നല്‍കിയത്.അവസാനം സംസ്‌കരിച്ചതാണെന്ന് അവകാശപ്പെട്ടുള്ള മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയത്. ആരോപണവിധേയരെല്ലാം ധര്‍മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പര്‍വൈസര്‍മാരും ജീവനക്കാരുമാണ്. എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് അവരെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയാല്‍ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു