ബംഗളൂരു: മലയാളികളടക്കം നിരവധി നിക്ഷേപകരെ വെട്ടിച്ച് മുങ്ങിയ ബംഗളൂരുവിലെ ചിട്ടിയുടമകളായ മലയാളി ദമ്പതികൾ രാജ്യം വിട്ടതായി പൊലീസ്. പ്രതികളായ എ ആൻഡ് എ ചിറ്റ് ഫണ്ട്സ് ഉടമ ആലപ്പുഴ രാമങ്കരി സ്വദേശി ടോമി എ. വർഗീസ്, ഭാര്യ ഷൈനി ടോമി എന്നിവർ ചിട്ടിത്തട്ടിപ്പ് സംബന്ധിച്ച് നിക്ഷേപകർ പരാതി നൽകും മുമ്പേ രാജ്യം വിട്ടതായാണ് കണ്ടെത്തൽ. ജൂലൈ അഞ്ചിനാണ് തട്ടിപ്പ് നടന്നതായി നിക്ഷേപകർ തിരിച്ചറിയുന്നത്.
എന്നാൽ, ജൂലൈ മൂന്നിനുതന്നെ ദമ്പതികൾ കൊച്ചിവഴി മുംബൈയിലേക്കും അവിടെനിന്ന് ടൂറിസ്റ്റ് വിസയിൽ മുംബൈ-നയ്റോബി വിമാനത്തിൽ കെനിയയിലേക്കും കടന്നതായി ബംഗളൂരു ഈസ്റ്റ് ഡി.സി.പി ഡി. ദേവരാജ പറഞ്ഞു. പ്രതികളുടെ ബാങ്ക് ഇടപാടിന്റെ വിവരങ്ങൾ ശേഖരിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതികൾക്കായി വൈകാതെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
ഇതിനുപുറമെ, കേസ് ഉടൻ സി.ഐ.ഡി വിഭാഗത്തിന് കൈമാറുമെന്നറിയുന്നു. അതേസമയം, നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയവരുടെ എണ്ണം 400 കടന്നു. 1300ലേറെ നിക്ഷേപകരുള്ള കമ്പനിയിൽ ഇനിയും നിരവധി പേർ പരാതി നൽകാനുണ്ട്. ലഭിച്ച പരാതികളുടെ കണക്കനുസരിച്ച് 40 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ നിഗമനം.