റോഡ് നികുതി അടയ്ക്കാതെ ചീറിപ്പാഞ്ഞ ഫെരാരി പിടിച്ചെടുത്ത് ബെംഗളൂരു സൗത്ത് ആർടിഒ. കാറുടമയെക്കൊണ്ട് 1.41 കോടി രൂപയിലധികം പിഴയായി അടപ്പിച്ചു.മഹാരാഷ്ട്രയില്‍ രജിസ്റ്റർ ചെയ്ത ഈ ആഡംബര കാർ കർണാടകയില്‍ റോഡ് നികുതി അടയ്ക്കാതെയാണ് ഓടിയിരുന്നത്.നികുതി വെട്ടിപ്പ് തടയാൻ ബെംഗളൂരുവില്‍ മോട്ടോർ വാഹന വകുപ്പ് നടത്തിയ കടുത്ത നടപടിക്കിടെയാണ് ഫെരാരി എസ്‌എഫ്90 സ്ട്രെഡല്‍ പിടികൂടിയത്. 18 മാസമായി നികുതി അടയ്ക്കാതെ കർണാടകയില്‍ ഓടിയ 7.5 കോടി രൂപ വിലയുള്ള ചുവന്ന ഫെരാരിയാണ് പിടികൂടിയത്. ഒരു വ്യവസായിയാണ് കാറിന്‍റെ ഉടമസ്ഥൻ.
രണ്ട് വർഷം മുൻപാണ് കാർ മഹാരാഷ്ട്രയില്‍ രജിസ്റ്റർ ചെയ്തത്.നികുതി അടച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ബെംഗളൂരു സൗത്ത് ആർടിഒ ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാവിലെയാണ് ഫെരാരി പിടിച്ചെടുത്തത്. അവർ വാഹനം പിടിച്ചെടുക്കുകയും ഉടമയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. നിശ്ചിത സമയത്തിനുള്ളില്‍ പിഴ അടയ്ക്കാൻ ഉടമയോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിയമപരമായ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. ഉടമ ഉടൻ തന്നെ 1,41,59,041 രൂപയുടെ മുഴുവൻ കുടിശ്ശികയും പിഴയും അടച്ചു.ഒരു വാഹനത്തില്‍ നിന്ന് അടുത്തിടെ ഈടാക്കിയ ഏറ്റവും വലിയ നികുതികളില്‍ ഒന്നാണിത്.
നിയമ പ്രകാരമുള്ള നികുതി അടയ്ക്കാത്ത ആഡംബര വാഹനങ്ങള്‍ക്കെതിരെ നടപടി തുടരുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഫെബ്രുവരിയിലും, ഫെരാരി, പോർഷെ, ബിഎംഡബ്ല്യു, ഔഡി, റേഞ്ച് റോവർ തുടങ്ങിയ 30 ആഡംബര കാറുകള്‍ നികുതി വെട്ടിപ്പിന്റെ പേരില്‍ ഗതാഗത വകുപ്പ് പിടിച്ചെടുത്തിരുന്നു. 40-ലധികം ആർടിഒ ഉദ്യോഗസ്ഥരാണ് ഈ ഓപ്പറേഷനില്‍ പങ്കെടുത്തത്.മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം ഒരു വർഷത്തില്‍ കൂടുതല്‍ കർണാടകയില്‍ ഓടിക്കുകയാണെങ്കില്‍ ഉടമ കർണാടകയില്‍ ബാധകമായ ലൈഫ് ടൈം ടാക്സ് അടയ്ക്കാൻ ബാധ്യസ്ഥനാണ്. ഈ ഫെരാരി 18 മാസത്തിലേറെയായി ബെംഗളൂരുവിലെ റോഡില്‍ ഓടിയെന്നാണ് ആർടിഒയുടെ കണ്ടെത്തല്‍.