മൈസൂരു : മൈസൂരുവിൽനിന്ന് കുശാൽനഗറിലേക്ക് ആറുവരിപ്പാത പദ്ധതിയുമായി ദേശീയപാതാ അതോറിറ്റി. മൈസൂരു മുതൽ കുശാൽനഗർ വരെ നിലവിലുള്ള എൻഎച്ച് 275 രണ്ടുവരിപ്പാത വനമേഖലയിലൂടെ വഴിതിരിച്ചുവിട്ട് ആറുവരിപ്പാതയായി വീതികൂട്ടുകയെന്നതാണ് പദ്ധതി.മൈസൂരുജില്ലയിലെ ഹുൻസൂർ, പെരിയപട്ടണ താലൂക്കുകളിലൂടെ വനഭൂമി ഏറ്റെടുത്താണ് വീതികൂട്ടൽ പ്രവൃത്തി. ഇതോടെ പാത നാഗർഹോളെ വന്യജീവി സങ്കേതത്തിന്റെ ഒരു ഭാഗത്തുകൂടിയും കടന്നുപോകും.
ടൂറിസംമേഖലയിലെ വളർച്ചയെത്തുടർന്ന് സഞ്ചാരികളുടെയും വാഹനങ്ങളുടെയും വരവ് കൂടിയതോടെയാണ് പാത വികസിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. ഏകദേശം 3,800 കോടി ചിലവിലാണ് പാത നിർമാണം നടക്കുക.ഹൈവേ 137.5 ഏക്കർ വനത്തിലൂടെ വഴിതിരിച്ചുവിടണമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെയുണ്ടാകുന്ന വനനഷ്ടത്തിന് പരിഹാരമായി മറ്റൊരു പ്രദേശത്ത് വനവത്കരണം നടത്താൻ അതോറിറ്റി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.
വനവത്കരണം നടത്താനുള്ള ഭൂമി വിജയപുര ജില്ലയിലാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്.പാത യാഥാർഥ്യമാക്കാൻ 691 മരങ്ങൾ വെട്ടിമാറ്റും. ഇതിൽ 571 എണ്ണം ഹുൻസൂർ ഡിവിഷനിലും 120 എണ്ണം നാഗർഹോളെ വന്യജീവി സങ്കേതത്തിന്റെ കീഴിലുള്ള കാവേരി ബ്ലോക്ക് വനമേഖലയിലുമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.എന്നാൽ, മറ്റൊരിടത്തുള്ള വനവത്കരണ പദ്ധതിക്കെതിരേ പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. പദ്ധതിബാധിത വനപ്രദേശത്ത്നിന്ന് വളരെ അകലെയുള്ള ഒരു പ്രദേശത്ത് വനവത്ക്കരണം അപ്രായോഗികമാണെന്ന് വന്യജീവി സംരക്ഷകനായ ഗിരിധർ കുൽക്കർണി അഭിപ്രായപ്പെട്ടു.
അതിനാൽ ഹുൻസൂരിലും പെരിയപട്ടണയിലും ഉണ്ടാകുന്ന മരനഷ്ടത്തിന് അതേ പ്രദേശത്തോ സമീപപ്രദേശങ്ങളിലോ ആണ് വനകത്കരണം നടപ്പിലാക്കേണ്ടത്. മറിച്ച് മറ്റെവിടെയെങ്കിലും മരങ്ങൾ നടുന്നത് പ്രാദേശികമായി ഉണ്ടാകുന്ന പാരിസ്ഥിതികവും കാലാവസ്ഥാപരവുമായ തടസ്സങ്ങൾ പദ്ധതിയെ അവതാളത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.