കർണാടകയിലെ കൊപ്പലില്‍ വിനോദ സഞ്ചാരിയെ ബലാത്സംഗം ചെയ്യുകയും ഹോം സ്റ്റേ ഉടമസ്ഥയെ കൊലപ്പെടുത്തുകയും ചെയ്‌ത കേസില്‍ രണ്ട് പേര്‍ പിടിയില്‍. ഗംഗാവതി സായ്‌നഗറിലെ പ്ലാസ്റ്റർ ജോലിക്കാരനായ മല്ലേഷ് എന്ന ഹണ്ടി മല്ലേഷ് അയ്യപ്പ ദാസര (22), മിഷൻ വർക്കർ ചേതനസായി കാമേശ്വര റാവു (21) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. കേസില്‍ പ്രതിയായ മറ്റൊരു യുവാവ് ഒളിവിലാണ്.ഇയാളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ അറസ്‌റ്റ് ചെയ്യുമെന്നും പൊലീസ് സൂപ്രണ്ട് റാം എൽ അരസിദ്ധി അറിയിച്ചു. പ്രതികള്‍ മൂന്ന് പേരും കര്‍ണാടക സ്വദേശികളാണ് എന്ന് പൊലീസ് പറഞ്ഞു.
പ്രതികൾ മദ്യപിച്ച ശേഷം ചുറ്റിത്തിരിയുന്നതിനിടയിലാണ് വിനോദ സഞ്ചാരികളെ പ്രതികള്‍ കണ്ടതെന്ന് എസ്‌പി വിശദീകരിച്ചു. പ്രതികൾ ഇവരിൽ നിന്ന് പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് വാക്കുതർക്കമായി. ഇസ്രയേലി യുവതിയേയും ഒഡീഷ സ്വദേശിയായ ഹോം സ്റ്റേ ഉടമയേയും ബലാത്സംഗം ചെയ്‌തതായി ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചതായി എസ്‌പി പറഞ്ഞു. പ്രതികൾക്ക് മറ്റ് ഏതെങ്കിലും കേസുകളിൽ പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും അരസിദ്ധി വ്യക്തമാക്കി.
വ്യാഴാഴ്‌ച രാത്രിയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. സനപൂർ തടാകത്തിനടുത്തുള്ള കനാലിന് സമീപം നക്ഷത്രങ്ങൾ കാണാൻ വ്യാഴാഴ്‌ച രാത്രി ഹോംസ്റ്റേ ഉടമയ്‌ക്കൊപ്പം വിനോദ സഞ്ചാരികൾ പോയിരുന്നു. അമേരിക്കൻ വിനോദ സഞ്ചാരിയും ഒരു ഇസ്രയേലി വിനോദ സഞ്ചാരിയും മറ്റ് രണ്ട് വിനോദ സഞ്ചാരികളും ഹോം സ്റ്റേ ഉടമയുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ ഗിറ്റാർ വായിക്കുന്നതിനിടെ മൂന്ന് പേര്‍ ഇവരെ സമീപിച്ച് പെട്രോളിന് പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരു സംഘങ്ങളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
തര്‍ക്കത്തിനിടെ മൂന്ന് പുരുഷ വിനോദ സഞ്ചാരികളെയും പ്രതികള്‍ കനാലിലേക്ക് തള്ളിയിട്ടു. ശേഷം ഇസ്രയേലി വിനോദ സഞ്ചാരിയെയും ഹോംസ്റ്റേ ഉടമയയെയും ഇവര്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. കനാലിലേക്ക് വീണ മൂന്ന് പേരിൽ മഹാരാഷ്‌ട്ര സ്വദേശിയായ പങ്കജ് പട്ടേലും അമേരിക്കൻ ടൂറിസ്റ്റ് ഡാനിയേലും നീന്തി രക്ഷപെട്ടിരുന്നു. കാണാതായ ടൂറിസ്റ്റ് ബിബാസിന്‍റെ മൃതദേഹം ഇന്ന് (08-04-2025) രാവിലെ കണ്ടെത്തി.അക്രമികളിൽ നിന്ന് രക്ഷപ്പെട്ട സ്‌ത്രീ ഹോംസ്റ്റേയിൽ തിരിച്ചെത്തി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ ഗംഗാവതി റൂറൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം പുരോഗമിക്കുകയാണ്.