ബംഗളൂരു : ബെല്ലാരി ഗവ.ജില്ല ആശുപത്രിയിലെ കോളിളക്കം സൃഷ്ടിച്ച കൂട്ട പ്രസവ ശസ്ത്രക്രിയ മരണത്തില്‍ നടപടിയുമായി സർക്കാർ.കഴിഞ്ഞ മാസം അവസാന വാരം പ്രസവ ശസ്ത്രക്രിയെത്തുടർന്ന് നാലു സ്ത്രീകളും പ്രസവത്തെത്തുടർന്ന് ഒരാളും മരിച്ച സംഭവത്തില്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളർ ഡോ. എസ്. ഉമേഷിനെ സസ്പെൻഡ് ചെയ്തു. കൃത്യനിർവഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. കർണാടക സ്റ്റേറ്റ് മെഡിക്കല്‍ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടറുടെ പേരില്‍ വകുപ്പുതല അന്വേഷണം നടത്താനും താക്കീതിനും ബെല്ലാരി ജില്ല സർജനെ താക്കീത് ചെയ്യാനും സർക്കാർ തീരുമാനിച്ചു.
ലളിതാമ്മ(30), റോസമ്മ(27), നന്ദിനി(29), മസ്കാൻ(26) എന്നിവരാണ് പ്രസവ ശസ്ത്രക്രിയയില്‍ ഒരാഴ്ചക്കിടയില്‍ മരിച്ചത്. മഹാലക്ഷ്മി(20) വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയൻസില്‍ സുഖപ്രസവാനന്തരം മൂന്നാംനാള്‍ അമിത രക്തസ്രാവത്തെത്തുടർന്നും മരിച്ചു. സ്ത്രീകളുടെ മരണത്തില്‍ ലോകായുക്ത സ്വമേധയാ കേസെടുത്തു.ശസ്ത്രക്രിയക്കിടെ നല്‍കിയ നിലവാരം കുറഞ്ഞ റിങ്ങേഴ്‌സ് ലാക്ടേറ്റാണ് (ഐ.വി. ഫ്ലൂയിഡ്) മരണത്തിന് കാരണമായതെന്ന് ആരോപണമുയർന്നിരുന്നു. റിങ്ങേഴ്‌സ് ലാക്ടേറ്റ് വിതരണം ചെയ്ത പശ്ചിമ ബംഗാളിലെ പാസ്ചിം ബംഗ ഫാർമസ്യൂട്ടിക്കല്‍സിന്റെ പേരില്‍ കേസെടുക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നല്‍കി.
ഈ കമ്ബനിയെ കരിമ്ബട്ടികയില്‍പ്പെടുത്തും. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് കമ്ബനിയെക്കൊണ്ട് നഷ്ടപരിഹാരം നല്‍കിക്കാനുള്ള നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രണ്ടുലക്ഷം രൂപ വീതം കർണാടക സർക്കാർ സഹായം നല്‍കും.സംഭവത്തില്‍ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവിന് എതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രിശോഭ കാറന്ത് ലാജെ ആവശ്യപ്പെട്ടിരുന്നു. സർക്കാർ കണക്കുകള്‍ മറച്ചുവെക്കുന്നതായും നാലു ജില്ലകളില്‍ 30 സ്ത്രീകളും 111 നവജാത ശിശുക്കളും മരിച്ചതായി അവർ ആരോപിക്കുകയും ചെയ്തു.