ബെംഗളൂരു: ബെംഗളൂരുവിലെ ജയനഗറിലുള്ള ഹോട്ടലിലെ സർവീസ് ലിഫ്റ്റില്‍ തല കുടുങ്ങി 22-കാരനായ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു.ധാർവാഡ് സ്വദേശിയായ രാജേഷ് ആണ് മരിച്ചത്. ജൂലൈ 16 വ്യാഴാഴ്ച രാവിലെ 9 മണിയോടെ ജയനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് രണ്ടാം നിലയിലേക്ക് ലിഫ്റ്റ് ഉയരുന്നതിനിടെയാണ് അപകടമുണ്ടായത്. പഴയതും സുരക്ഷാ വാതിലുകളില്ലാത്തതുമായ സർവീസ് ലിഫ്റ്റാണ് ഹോട്ടലിലുണ്ടായിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഇരുമ്പ് ഗ്രില്ലുകള്‍ മാത്രമുള്ള ഈ ലിഫ്റ്റ്, ഗ്രില്ലുകള്‍ തുറന്നിട്ടാലും പ്രവർത്തിക്കുന്ന രീതിയിലായിരുന്നു.ഹോട്ടല്‍ ജീവനക്കാർ പച്ചക്കറി ചാക്കുകളും മറ്റ് സാധനങ്ങളും മുകളിലെത്തിക്കാനാണ് ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ലിഫ്റ്റ് ചലിക്കുന്നതിനിടെ രാജേഷ് അബദ്ധത്തില്‍ തല പുറത്തേക്ക് നീട്ടിയപ്പോള്‍ കോണ്‍ക്രീറ്റ് ബീമിലിടിക്കുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.