വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവർ പഠിക്കാനും ജോലിക്കുമായെത്തുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് ബെംഗളൂരു.എന്നാല്‍, ഇവിടെ കന്നഡ ഭാഷയെച്ചൊല്ലി ചിലരുണ്ടാക്കുന്ന വിവാദം ചില്ലറയൊന്നുമല്ല. കടകളുടെ ബോർഡുകള്‍ മാറ്റുന്നത് മുതല്‍ കന്നഡ അറിയാത്തവരെ വിവേചനത്തോടെ കാണുന്നതുപോലും പലപ്പോഴും വാർത്തകളായിട്ടുണ്ട്. ഇപ്പോഴിതാ, വ്യത്യസ്ത ഭാഷകളില്‍ സംസാരിക്കുന്ന രണ്ട് യുവതികള്‍ നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികളോട് യാത്രാനിരക്ക് ചോദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.ഹിന്ദി സംസാരിക്കുന്ന യുവതിയില്‍ നിന്ന് കന്നഡ സംസാരിക്കുന്നവരേക്കാള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
രണ്ട് യുവതികള്‍ നഗരത്തിലുടനീളം നടന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഒരാള്‍ ഹിന്ദിയിലും ഒരാള്‍ കന്നഡയിലും സംസാരിക്കുന്നു. ആദ്യം ഒരേസ്ഥലത്തേക്കുള്ള യാത്രയ്ക്ക് ഹിന്ദി യാത്രക്കാരിയോട് പോകാനാകില്ലെന്ന് ഡ്രൈവർ പറഞ്ഞു. എന്നാല്‍, അതേ ട്രിപ്പ് കന്നഡ സംസാരിക്കുന്നവർക്ക് നല്‍കുകയും ചെയ്തു.രണ്ടാമത്തെ ആളോട് ഹിന്ദി സംസാരിക്കുന്ന യുവതി ഇന്ദിരാനഗർ പോകുമോ എന്ന് ചോദിക്കുന്നു. 300 രൂപയാണ് അദ്ദേഹം നിരക്ക് പറയുന്നത്. തൊട്ടുപിന്നാലെ അതേസ്ഥലത്തേക്ക് നിരക്ക് ചോദിക്കുന്ന കന്നഡ സംസാരിക്കുന്ന യുവതിയോട് ഇദ്ദേഹം 200 രൂപ നിരക്ക് പറയുന്നു.
മൂന്നാമത്തെ ഡ്രൈവർ ഹിന്ദി സംസാരിക്കുന്ന യുവതിയോട് ട്രിപ്പിന് പോകാനാകില്ലെന്ന് പറയുകയും കന്നഡ സംസാരിക്കുന്നവരെ കൊണ്ടുപോകാൻ സമ്മതിക്കുകയും ചെയ്തു.വീഡിയോ വൈറലായതോടെ നഗരത്തിലെ അന്യായമായ വിലനിർണയത്തെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഭാഷാപരമായ വിവേചനത്തെക്കുറിച്ചും ആളുകള്‍ ആശങ്ക അറിയിച്ചു. നമ്മളെല്ലാം ഇന്ത്യക്കാരാണെന്ന് ചിലർ കമന്റ് ചെയ്തു. മീറ്റർ കാഴ്ചവസ്തുവാണോ എന്നും മറാത്തിയാണോ ഹിന്ദി ആണോ എന്ന് നോക്കാതെ മഹാരാഷ്ട്രയിലെ ഓട്ടോ ഡ്രൈവർമാർ മീറ്റർ ഉപയോഗിക്കുമെന്ന് ചിലർ എഴുതി.
