സെല്‍ഫിയെടുക്കുന്നതിനിടെ തടാകത്തിലെ പാറക്കെട്ടില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ 12 മണിക്കൂറിന് ശേഷം രക്ഷിച്ചു.കർണാടകയിലെ തുമകുരുവിലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ തിങ്കളാഴ്ച രാവിലെയാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്. അപകടത്തില്‍ കാര്യമായ പരിക്കില്ലെങ്കിലും അവശയായ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശിവപുര സ്വദേശിനിയും എൻജിനിയറിങ് വിദ്യാർഥിനിയുമായ ഹംസ(19)യാണ് തുമകുരു മൈഡല തടാകത്തില്‍ കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടത്.
സുഹൃത്തായ കീർത്തനയ്ക്കൊപ്പമാണ് ഹംസ മൈഡല തടാകം സന്ദർശിക്കാനെത്തിയത്. മടങ്ങുന്നതിനിടെ ഇരുവരും തടാകത്തിലെ പാറക്കെട്ടിന് മുകളില്‍കയറി ഫോട്ടോയെടുക്കാൻ ശ്രമിച്ചു. ഇതിനിടെ 19-കാരി കാല്‍തെന്നി വെള്ളത്തിലേക്ക് വീഴുകയും തടാകത്തിലെ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു.പാറക്കെട്ടുകള്‍ക്കിടയില്‍ പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത സ്ഥലത്താണ് പെണ്‍കുട്ടി കുടുങ്ങിപ്പോയത്. ഇവിടെ വെള്ളം കുറവായിരുന്നതും രക്ഷയായി.
ഇതിനിടെ അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാല്‍, ശക്തമായ ഒഴുക്കും വെള്ളത്തിന്റെ ശബ്ദവും കാരണം പെണ്‍കുട്ടി ഒച്ചവെച്ചിട്ടും ആദ്യഘട്ടത്തില്‍ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് മറ്റൊരുസംഘം അടുത്തെത്തിയതോടെ പെണ്‍കുട്ടി വീണ്ടും ബഹളംവെച്ചു. ഇതോടെ പെണ്‍കുട്ടിയെ കണ്ടെത്തിയ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.