ബെംഗളൂരു: നഗരത്തിലെ ഫുട്‌പാത്തുകള്‍ കാല്‍നടയാത്രക്കാർക്ക് സുരക്ഷിതമാക്കാൻ ജൂലൈ 1 മുതല്‍ നഗരവ്യാപകമായി ‘സേഫ് ഫുട്‌പാത്ത് ക്യാമ്പയിൻ’ ആരംഭിക്കുമെന്ന് കർണാടക സർക്കാർ.ഏകദേശം 2,000 കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന റോഡുകളിലെ ഫുട്‌പാത്തുകളിലെ കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബെംഗളൂരു വികസന മന്ത്രി കൃഷ്‌ണ ബൈരേ ഗൗഡ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ജൂലൈ 1-ന് മുമ്പ് ഫുട്‌പാത്തുകള്‍ കൈയേറിയിരിക്കുന്ന കടയുടമകളും വ്യാപാര സ്ഥാപനങ്ങളും സ്വമേധയാ അനധികൃത നിർമ്മിതികളും ബോർഡുകളും നീക്കം ചെയ്യണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. സമയപരിധിക്ക് ശേഷം അധികൃതർ നേരിട്ട് പൊളിച്ചുനീക്കല്‍ നടപടികള്‍ ആരംഭിക്കുകയും നിയമലംഘകർക്കെതിരെ പിഴ ചുമത്തുകയും ചെയ്യും.
ബെംഗളൂരു നഗരത്തിലെ പ്രധാന റോഡുകളിലും ഉപപ്രധാന റോഡുകളിലും വ്യാപാര സ്ഥാപനങ്ങളുടെ അനധികൃത വിപുലീകരണങ്ങള്‍, പരസ്യ ബോർഡുകള്‍, പാർക്ക് ചെയ്‌ത വാഹനങ്ങള്‍ തുടങ്ങിയവയാണ് കാല്‍നടയാത്രക്കാരുടെ സഞ്ചാരത്തിന് ഏറ്റവും വലിയ തടസമാകുന്നതെന്ന് മന്ത്രി കൃഷ്‌ണ ബൈരേ ഗൗഡ പറഞ്ഞു.ഫുട്‌പാത്തിലൂടെ നടക്കുക എന്നത് ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണ്. ഫുട്‌പാത്തുകള്‍ കാല്‍നടയാത്രക്കാർക്ക് മാത്രമുള്ളതാണ്. അവ വ്യാപാര ആവശ്യങ്ങള്‍ക്കോ വാഹന പാർക്കിങ്ങിനോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഏറെക്കാലമായി ബെംഗളൂരു നഗരവാസികള്‍ ഉന്നയിക്കുന്ന ആവശ്യമാണ് ഫുട്‌പാത്തുകള്‍ കൈയേറിയുള്ള കച്ചവടങ്ങള്‍ തടയിടണമെന്നത്.അതേസമയം, ക്യാമ്പയിന്റെ ഭാഗമായി നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കണ്ടെത്തുന്നതിനും പ്രത്യേക നടപടി സ്വീകരിക്കും. ജൂലൈ 1 മുതല്‍ ഇത്തരം വാഹനങ്ങളില്‍ മുന്നറിയിപ്പ് സ്‌റ്റിക്കറുകള്‍ പതിക്കും. ജൂലൈ 10-നകം ഉടമകള്‍ വാഹനങ്ങള്‍ മാറ്റിയില്ലെങ്കില്‍ അവ കെട്ടിവലിച്ച് നീക്കം ചെയ്യുകയും പിന്നീട് സ്ക്രാപ്പായി ലേലം ചെയ്യുകയും ചെയ്യും.സുപ്രീംകോടതി നിർദേശപ്രകാരം ഫുട്‌പാത്തുകളില്‍ പാർക്ക് ചെയ്യുന്ന വാഹനങ്ങളും യാതൊരു മുന്നറിയിപ്പുമില്ലാതെ കെട്ടിവലിച്ച് മാറ്റുമെന്നും മന്ത്രി അറിയിച്ചു.
കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിനൊപ്പം നഗരത്തിലെ ഫുട്‌പാത്തുകളുടെ നവീകരണത്തിനായി 70 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. തകർന്ന സ്ലാബുകള്‍, നടപ്പാതകളിലെ പ്രശ്‌നങ്ങള്‍, മറ്റ് സുരക്ഷാ വീഴ്‌ചകള്‍ എന്നിവ പരിഹരിച്ച് കുറഞ്ഞത് 2,000 കിലോമീറ്റർ ഫുട്‌പാത്തുകള്‍ നവീകരിക്കാനാണ് പദ്ധതി.പ്രധാന റോഡുകളിലെയും ഉപപ്രധാന റോഡുകളിലെയും ഫുട്‌പാത്തുകളില്‍ തള്ളുവണ്ടി കച്ചവടം അനുവദിക്കില്ല. എന്നാല്‍ സർക്കാർ നിശ്ചയിച്ചിട്ടുള്ള മറ്റ് സ്ഥലങ്ങളില്‍ അവർക്ക് വ്യാപാരം തുടരാൻ അനുമതിയുണ്ടാകും. റോഡുകളിലെ കുഴികള്‍ ശാസ്ത്രീയമായി അടയ്ക്കുന്നതിനായി 77 കോടി രൂപയും സർക്കാർ വകയിരുത്തിയിട്ടുണ്ട്.ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ട്രാഫിക് സിഗ്നലുകളില്‍ നിന്ന് 75 മീറ്ററിനുള്ളില്‍ ബസുകളോ മറ്റ് വാഹനങ്ങളോ നിർത്തരുതെന്നും, പ്രധാന ജംഗ്ഷനുകള്‍ക്ക് സമീപമുള്ള അനാവശ്യ സ്‌പീഡ് ബ്രേക്കറുകള്‍ നീക്കം ചെയ്യണമെന്നും മന്ത്രി നിർദ്ദേശിച്ചു. നഗരത്തിലെ കാല്‍നടയാത്രക്കാർക്ക് സുരക്ഷിതമായ നടപ്പാതകള്‍ ഒരുക്കുക എന്നതാണ് ഈ പ്രത്യേക ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.