ബെംഗളൂരു : ജയിലിൽ വീട്ടിലെ ഭക്ഷണവുംകിടക്കയും വസ്ത്രവും വേണമെന്ന് ആവശ്യപ്പെട്ട് നടൻ ദർശൻ ഹൈക്കോടതിയിൽ നൽകിയ അപേക്ഷ പിൻവലിച്ചു. ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡാറുടെ ഏകാംഗ ബെഞ്ചാണ് ഹർജി പിൻവലിക്കാൻ അനുമതി നൽകിയത്. തൻ്റെ അപേക്ഷ നിരസിച്ച വിചാരണക്കോടതി ഉത്തരവിനെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് ദർശൻ അപേക്ഷ നൽകിയതിനെത്തുടർന്നാണ് ഹർജി പിൻവലിക്കാൻ അനുമതി നൽകിയത്.
വീട്ടിൽനിന്നുള്ള ഭക്ഷണവും വസ്ത്രവും കിടക്കയും ആവശ്യപ്പെട്ട് ദർശൻ നൽകിയ ഹർജി കഴിഞ്ഞയാഴ്ച ബെംഗളൂരു 24-ാം എ.സി.എം.എം. കോടതി തള്ളിയിരുന്നു. കൊലക്കേസ് പ്രതിക്ക് ഇവ അനുവദിക്കാനാവില്ലെന്നായിരുന്നു കോടതി പറഞ്ഞത്. വീട്ടുഭക്ഷണവും വസ്ത്രവും കിടക്കയും ആവശ്യപ്പെട്ട് ദർശൻ ആദ്യം ഹൈക്കോടതിയെയാണ് സമീപിച്ചിരുന്നത്.
ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു എ.സി.എം.എം. കോടതിയിൽ അപേക്ഷ നൽകിയത്. ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ജൂൺ 11-നാണ് ദർശൻ അറസ്റ്റിലായത്. ദർശൻ്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡ ഉൾപ്പെടെ 17 പേരാണ് കേസിലെ പ്രതികൾ.