ബംഗളൂരു: തിരക്കേറിയ സമയങ്ങളില്‍ നമ്മ മെട്രോ പർപ്പ്ള്‍ ലൈനിലെ (കിഴക്ക്-പടിഞ്ഞാറ് ഇടനാഴി) ചില ട്രെയിനുകള്‍ സർവിസ് വെട്ടിച്ചുരുക്കുന്നതായി ആക്ഷേപം. ഗരുഡാചർ പാളയയില്‍ സർവിസ് അവസാനിപ്പിക്കുന്നതാണ് രീതി. ഇതിനെതിരെ യാത്രക്കാർ സമൂഹ മാധ്യമങ്ങള്‍ വഴി ബംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡിനെതിരെ (ബി.എം.ആർ.സി.എല്‍) രൂക്ഷ വിമർശനവും പ്രതിഷേധവും തുടങ്ങി.
വൈറ്റ്ഫീല്‍ഡിലേക്കുള്ള യാത്രക്കാരാണ് ബുദ്ധിമുട്ടിലാവുന്നത്. പർപ്പ്ള്‍ ലൈനിലെ കിഴക്കേയറ്റത്തെ സ്റ്റേഷനായ വൈറ്റ്ഫീല്‍ഡിലേക്ക് പോകാൻ നേരിട്ട് മെട്രോ ട്രെയിൻ കിട്ടുന്നില്ലെന്നാണ് പരാതി. തിരക്കേറിയ സമയങ്ങളില്‍ വൈറ്റ്ഫീല്‍ഡിലെത്താൻ ട്രെയിൻ മാറിക്കയറേണ്ട അവസ്ഥയാണ്. മജെസ്റ്റിക് സ്റ്റേഷനിലെ തിരക്ക് കുറക്കുന്നതിനാണ് ചില ട്രെയിനുകള്‍ ഗരുഡാചർ പാളയ വരെ മാത്രം ഓടുന്നത്.
പർപ്പ്ള്‍ ലൈനില്‍ യാത്രക്കാരുടെ എണ്ണം കൂടിയതിനെത്തുടർന്ന് ശനിയാഴ്ച മുതല്‍ ട്രെയിനുകളുടെ ഇടവേള സമയം കുറച്ചിട്ടുണ്ട്. ഇപ്പോള്‍ മജെസ്റ്റിക്കില്‍നിന്ന് രാവിലെ 8.48, 8.58, 9.08, 9.18, 9.29, 9.39, 9.50, 10, 10.11, 10.21, 10.39, 10.50, 11, 11.11, 11.22 എന്നീ സമയങ്ങളില്‍ വൈറ്റ്ഫീല്‍ഡ് ഭാഗത്തേക്ക് മെട്രോ സർവിസുണ്ട്.
പർപ്പ്ള്‍ ലൈനിലെ പടിഞ്ഞാറ് ചല്ലഘട്ട മുതല്‍ കെങ്കേരി വരെയും (2.1 കിലോമീറ്റർ) കിഴക്ക് ബൈയപ്പനഹള്ളി മുതല്‍ കെ.ആർ. പുരം വരെയും (2.2 കിലോമീറ്റർ) കഴിഞ്ഞ ഒക്ടോബറിലാണ് യാത്രക്കാർക്കായി തുറന്നത്. 43.49 കിലോമീറ്ററാണ് പർപ്പ്ള്‍ ലൈനിനുള്ളത്.