ആമ്ബല്ലൂർ: കാർട്ടൂണ്‍ ചാനലിലെ ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാംക്ലാസുകാരെ രക്ഷിതാക്കള്‍ക്കരികിലെത്തിച്ച് ഓട്ടോഡ്രൈവർ. ബുധനാഴ്ച വൈകീട്ട് ആമ്ബല്ലൂരിലാണ് സംഭവം. സ്കൂള്‍ വിട്ടശേഷമാണ് രണ്ടു കൂട്ടൂകാരുംകൂടി ഊരുചുറ്റാനിറങ്ങിയത്. സ്വകാര്യ ബസില്‍ കയറിയ ഇരുവരും കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ ആമ്ബല്ലൂരിലെത്തി.
അപ്പോഴേക്കും കൈയിലെ കാശ് തീർന്നു. അളഗപ്പ പോളിടെക്നിക്കിന് സമീപത്തെ ഓട്ടോ സ്റ്റാൻഡില്‍ എത്തിയ ഇരുവരും കോക്കാടൻ ജെയ്സന്റെ ഓട്ടോറിക്ഷയില്‍ കയറി, സമീപത്തെ കല്യാണവീട്ടിലേക്ക് പോകണമെന്നും കൈയില്‍ പണമില്ലെന്നും പറഞ്ഞു. സാരമില്ല, കൊണ്ടുചെന്നാക്കാമെന്നായി ജെയ്സണ്‍.
എന്നാല്‍ കുട്ടികള്‍ക്ക് തീരെ സ്ഥലപരിചയമില്ലാത്തതും പെരുമാറ്റത്തിലെ പന്തികേടും കണ്ടപ്പോള്‍ ജെയ്സണ്‍ സംശയമായി. സ്കൂള്‍ ഐ.ഡി. കാർഡിലെ ഫോണ്‍ നമ്ബറില്‍ വിളിച്ച് വിവരം പറഞ്ഞു. തുടർന്ന് ജെയ്സണ്‍ തന്നെ കുട്ടികളെ രക്ഷിതാക്കള്‍ക്കരികിലെത്തിച്ചു. ഈ സമയം കുട്ടികളെ കാണാതെ രക്ഷിതാക്കള്‍ സ്കൂളിലെത്തിയിരുന്നു.