ജയ്പൂർ: പത്ത് വർഷത്തെ തന്റെ ഭരണത്തില്‍ സംഭവിച്ചത് ട്രെയിലർ മാത്രമാണെന്നും കുടുതല്‍ കാര്യങ്ങള്‍ വരാനിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ചുരുവില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എന്തൊക്കെ സംഭവിച്ചു എന്നതല്ല വിഷയം, ഇതുവരെ സംഭവിച്ചതെല്ലാം ഒരു ട്രെയിലർ മാത്രമാണ്. ഇതുവരെ മോദി ചെയ്തത് എന്തൊക്കെയാണോ അതെല്ലാം വിശപ്പുണ്ടാക്കുന്ന ചെറു വിഭവം മാത്രമായിരുന്നു. പ്രധാന ഭക്ഷണം വരാനിരിക്കുന്നതേയുള്ളൂ. ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീർക്കാനുണ്ട്. ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിയുണ്ട്. രാജ്യത്തെ കൂടുതല്‍ മുന്നിലേക്ക് നയിക്കേണ്ടതുണ്ട്,” മോദി പറഞ്ഞു.
കോണ്‍ഗ്രസിനെതിരെയും മോദി റാലിക്കിടെ വിമർശനം ഉന്നയിച്ചിരുന്നു. രാജ്യത്തെ വിഭജിക്കുന്നതിലാണ് കോണ്‍ഗ്രസിന്റെ ശ്രദ്ധയെന്നും സൈന്യത്തിനെതിരെ പാർട്ടി വിമർശനം ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് നിരോധിച്ചതോടെ മുസ്ലിം സഹോദരിമാരെ മാത്രമല്ല, മുസ്ലിം സമൂഹത്തെയാണ് സർക്കാർ രക്ഷിച്ചത്. രാജ്യത്തെ പിന്നോക്ക ദലിത് വിഭാഗങ്ങള്‍ക്ക് വേണ്ടി ചെയ്യാൻ കോണ്‍ഗ്രസിനോ പ്രതിപക്ഷ സഖ്യമായ ഇൻഡ്യക്കോ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.